ചാവക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച മലിനീകരണ നിയന്ത്രണ പുരസ്ക്കാരം ചാവക്കാട് താലൂക്ക് ഹെഡ് കോര്‍ട്ടേഴ് ആശുപത്രിക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി സംരക്ഷണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് അര്‍ഹതക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് നഗരസഭാ അധ്യക്ഷന്‍ എന്‍.കെ അക്ബര്‍, ആശുപത്രി സൂപ്രണ്ട് ഡോ.എ.എ മിനിമോള്‍ എന്നിവര്‍ പറഞ്ഞു.
ദിവസവും വിവിധ രോഗങ്ങളുമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തുന്ന 800 ലേറെ രോഗികളും, 140 പേര്‍ക്ക് കിടത്തി ചികിത്സയും അവരുടെ കൂടെസഹായികളായി എത്തുന്നവരുള്‍പ്പെടെ തിരക്കേറിയ ആശുപത്രിയിലെ മലിനീകരണ നിയന്ത്രണം വെല്ലുവിളിയായിരുന്നു. നഗരസഭയുടെ സഹായത്തോടെ മാലിന്യം സംസ്ക്കരിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു പ്ലാന്റ് ആരംഭിച്ചത് മലീനീകരണ നിയന്ത്രണത്തിന് വലിയ സഹായമായതായി സൂപ്രണ്ട് പറഞ്ഞു. ഈ പ്ലാന്റ് നിയന്ത്രിക്കാനായി സ്ഥിരമായ ഒരു ജീവനക്കാരനേയും നിയോഗിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരും അവരുടെ സഹായികളും ആശുപത്രിയിലെ ജീവനക്കാരുമായി 200 ലേറെ പേര്‍ ദിവസവും പുറം തള്ളുന്ന ഭക്ഷണാവശിഷ്ടം ആദ്യമൊക്കെ വലിയപ്രശ്നമായിരുന്നെങ്കിലും ഇപ്പോള്‍ ഒരു പന്നി വളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് അവയത്തെുന്നത്. ദിവസവും ഇതിനായി ആ കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരത്തെുന്നുണ്ട്. ആശുപത്രിയിലും പരിസരത്തും രോഗികള്‍ തള്ളുന്ന ഖരമാലിന്യം ഉടന്‍ തന്നെ അടിച്ചു വാരി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തെ മോര്‍ച്ചറിക്ക് സമീപം നിര്‍മ്മിച്ച കുഴികളിലിട്ട് തല്‍സമയം തന്നെ കത്തിച്ചുകളയുന്നുമുണ്ട്. മഴ നനയാതതിരിക്കാന്‍ പ്രത്യേക മേല്‍ക്കൂര നിര്‍മ്മിച്ച സ്ഥലത്തിട്ടാണ് കത്തിച്ചുകളയുന്നത്. ആശുപത്രി കെട്ടിടങ്ങളിലെ മഴവെള്ളം ഒഴുകിപ്പോകാന്‍ എല്ലാ കെട്ടിടങ്ങള്‍ക്കു പുറകിലും വലിയ അഴുക്ക് ചാലും നിര്‍മ്മിച്ചിട്ടുണ്ട്. മഴക്കാലത്തും അല്ലാത്തപ്പോഴും ഈ അഴുക്കു ചാലുകള്‍ ജീവനക്കാര്‍ ബ്ളീച്ചിങ് പൗഡറിട്ട് ബാക്ടീരിയ വിമുക്തമാക്കാറുണ്ടെന്ന് ഡോ.മിനിമോള്‍ പറഞ്ഞു. ആശുപത്രി വളപ്പിനോട് ചേര്‍ന്ന് കനോലി കാനാലുള്ളതിനാല്‍ അതിന്‍്റെ തീരത്ത് മരക്കൊമ്പുകളും ഇലകളും വീണ ചപ്പു ചവറില്‍ നിറയെ കൊതുകുകള്‍ ഉണ്ടാവാറുണ്ട്. രോഗികള്‍ക്ക് കൊതുകു ശല്യമില്ലാതിരിക്കാന്‍ ജനറല്‍ വാര്‍ഡുകളിലെ ജനലുകളില്‍ വലകള്‍ സ്ഥാപിച്ചിട്ടുണ്ട്.
നഗരസഭ ഭരിക്കുന്നത് എല്‍.ഡി.എഫ് ആയതിനാല്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്‍്റെ അവഗണനയിലായിരുന്നു താലൂക്കാശുപത്രി. ഇത്തവണ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ സഹായത്തോടെ ആശുപത്രിയില്‍ കൂടുതല്‍ വികസനം സാധ്യമാക്കാനാണ് നഗരസഭാ നേതൃത്വം ശ്രമിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ചാവക്കാട് താലൂക്കാശുപത്രിയെ ജില്ലാ ആശപത്രിയായി ഉയര്‍ത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് എന്‍.കെ അക്ബര്‍ വ്യക്തമാക്കി.