ഗുരുവായൂര്‍: ഓണത്തിന് മുമ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രീപെയ്ഡ് ഓട്ടോ പദ്ധതി ഇതുവരെയും യാഥാര്‍ത്ഥ്യമായില്ല. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി നഗരസഭ പ്രഖ്യാപിച്ച പദ്ധതിയാണിത്. പദ്ധതി നടപ്പാക്കാന്‍ സ്ഥലം റെയില്‍വേ അനുവദിച്ചെങ്കിലും നഗരസഭക്ക് പ്രീപെയ്ഡ് ഓട്ടോ ബൂത്ത് നിര്‍മിച്ചുനല്‍കാനായിട്ടില്ല. ബൂത്ത് നിര്‍മാണത്തിനും കമ്പ്യൂട്ടറിനുമൊക്കെയായി സ്പോണ്‍സറെ കിട്ടാനുള്ള നെട്ടോട്ടത്തിലാണ് നഗരസഭ ഇപ്പോള്‍. പ്രീപെയ്ഡിനുള്ള ബൂത്ത് നിര്‍മിച്ച് നല്‍കാമെന്നാണ് നഗരസഭ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് റെയില്‍വേ ഇതിന് തയ്യാറായത്. കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും നഗരസഭ തന്നെനല്‍കാമെന്ന് പറഞ്ഞിരുന്നു. നഗരസഭയുടെ ഫണ്ട് പ്രീപെയ്ഡ് ഓട്ടോ ബൂത്തിനായി ചെലവഴിക്കാന്‍ സാങ്കേതിക തടസങ്ങളുണ്ട്. അതിനാലാണ്  സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്. പ്രീപെയ്ഡിനുള്ള സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താനായി ഓട്ടോറിക്ഷക്കാരില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. പ്രീപെയ്ഡ് ഓട്ടോ ബൂത്തിന് സൗജന്യമായാണ് റെയില്‍വെ സ്ഥലം അനുവദിച്ചിട്ടുള്ളത്. ഇവിടേക്ക് വൈദ്യുതിയും റെയില്‍വേ നല്‍കും. പ്രീപെയ്ഡ് സംവിധാനത്തിനായി വാടകക്കാരില്‍ നിന്ന് ഈടാക്കുന്ന ഫീസിന്റെ പകുതി റെയില്‍വേക്കും പകുതി പൊലീസിനുമാണ് ലഭിക്കുക. പ്രീപെയ്ഡിന്റെ ഫീസായി രണ്ട് രൂപ ഈടാക്കുന്നതിനാണ് ആലോചിക്കുന്നത്.