mehandi new

ശിലാസ്ഥാപനം നടന്ന് ഒരുവര്‍ഷം പിന്നിട്ടു – പുന്നയൂര്‍ വാതക ശ്മശാനത്തിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

fairy tale

gas crimitoriumപുന്നയൂര്‍: ശിലാസ്ഥാപനം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും പുന്നയൂര്‍ ആലാപ്പാലം വാതക ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയില്ല. നാലുമാസംകൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതിയാണ് 14 മാസമായി ഒരു നടപടിയും ഇല്ലാതെ കിടക്കുന്നത്.
50 വര്‍ഷത്തോളം പഴക്കമുള്ള, ആലാപ്പാലത്തുള്ള പൊതു ശ്മശാനത്തിലാണ് ഗ്യാസ് ക്രിമെറ്റോറിയം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ഉദ്ദേശിച്ചിരുന്നത്. 2015 ആഗസ്ത് 20നാണ് ശ്മശാനത്തിന്റെ ശിലാസ്ഥാപനം നടന്നത് .
പ്രദേശത്തെ ശുദ്ധജല പ്രശ്‌നം പരിഹരിച്ചശേഷം ശ്മശാനം നിര്‍മ്മിച്ചാല്‍ മതിയെന്ന് ഉന്നയിച്ച് ശിലാസ്ഥാപന വേളയില്‍ പ്രദേശവാസികളായ ചിലര്‍ സമരം നടത്തിയിരുന്നു. പിന്നീട് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടെന്നാരോപിച്ച് നിര്‍മ്മാണം തടയുകയും ചെയ്തിരുന്നു.
അതേസമയം ചില റിയല്‍ എസ്റ്റേറ്റ് ലോബികള്‍ പരിസരവാസികളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധം ഉണ്ടാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന വാതകശ്മശാനത്തില്‍ പുകയോ മറ്റ് മാലിന്യപ്രശ്‌നങ്ങളോ ഇല്ലെന്നാണ് പഞ്ചായത്ത് പറയുന്നത്.
അടുത്ത കാലത്ത് ഇവിടെ നിര്‍മ്മിച്ച വീടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം ഉന്നയിക്കുന്നത്. ശ്മശാനത്തില്‍നിന്ന് വീടുകളിലേക്കുള്ള ദൂരപരിധി നേരത്തെ 50 മീറ്ററായിരുന്നെങ്കില്‍ നൂറ് ശതമാനം മാലിന്യമുക്ത സംവിധാനമായതിനാല്‍ 25 മീറ്ററാക്കി സര്‍ക്കാര്‍ ചുരുക്കി. എന്നിട്ടും വിവാദമുണ്ടാക്കി ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകേണ്ട പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് വി. നഫീസക്കുട്ടി പറഞ്ഞു.
പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ശുചിത്വമിഷന്‍ എന്നിവയുടെ വിഹിതം ഉള്‍പ്പെടുത്തി 53.50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി തയ്യാറാക്കിയത്. കോസ്റ്റ്‌ഫോഡിനാണ് നിര്‍മ്മാണച്ചുമതല. പണി നടത്താനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കിയാല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ തയ്യാറാണെന്ന് കോസ്റ്റ്‌ഫോഡ് അറിയിച്ചു.
പഞ്ചായത്തില്‍ ശ്മശാനം ഇല്ലാത്തതിനാല്‍ ഇവിടെനിന്നുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ചാവക്കാട്ടേക്കോ ഗുരുവായൂരിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയാണ്. അവിടത്തെ തിരക്ക് കാരണം പലപ്പോഴും സംസ്‌കാരത്തിന് ഉദ്ദേശിച്ച സമയവും കിട്ടാറില്ല. പഞ്ചായത്തിന്റെ അനാസ്ഥ കാരണമാണ് ശ്മശാന നിര്‍മ്മാണം വൈകുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Comments are closed.