ചാവക്കാട് : അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രാജഹംസ പക്ഷി ചാവക്കാടെത്തി. പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് കടല്‍കാക്കകളുടെ കൂട്ടത്തില്‍ തലയുയര്‍ത്തിപിടിച്ച് ഇരതേടിയിരുന്ന രാജഹംസത്തെ പ്രശസ്ത പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ് രാജഹംസത്തെ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം രാജഹംസം പക്ഷി വിരുന്നെത്തിയത് കോള്‍ പാടത്തായിരുന്നു. പക്ഷി വേട്ടക്കാരുടെ ശല്ല്യം കണക്കിലെടുത്ത് രാജഹംസം പ്രത്യക്ഷപ്പെട്ട ലൊക്കേഷന്‍ കൃത്യമായി വെളിപ്പെടുത്തില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.ഇന്ത്യയില്‍ രണ്ടുതരം രാജഹംസങ്ങളെയാണ് കാണാറ്. വലിയരാജഹംസത്തെയാണ് കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും കണ്ടത്. രണ്ടാമത്തെ ഇനമായ ചെറിയ രാജഹംസത്തെ ഇതുവരെയും കേരളത്തില്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
രാജഹംസങ്ങള്‍ക്ക് വലിയ പുന്നാര , ചെറിയ പുന്നാര എന്നീ പേരുകളും ഉണ്ട്. പക്ഷിനിരീക്ഷകനായ ഇന്ദുചൂഢന്‍ പുല്ലുതൊട്ട് പുന്നാര വരെ എ പുസ്തകത്തില്‍ പുന്നാരകളെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ ഫ്ളെമിംഗോ, ലെസര്‍ ഫ്ളെമിംഗോ എന്നാണ് ഇംഗ്‌ളിഷില്‍ പറയുന്നത്. വലിയ പുന്നാര മാംസബുക്കും ചെറിയ പുന്നാര സസ്യബുക്കുമാണെതാണ് മറ്റൊരു കൗതുകം. ഇന്ത്യയില്‍ രാജഹംസങ്ങളെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് റാന്‍ ഓഫ് കച്ചിലാണ്. ഇവിടെ ദശലക്ഷകണക്കിന് രാജഹംസങ്ങളുണ്ടത്രെ. ആഹാരരീതിയിലും മുട്ടയ്ക്ക് അടയിരിക്കലും മറ്റുപക്ഷികളില്‍നിന്നും ഏറെ വ്യത്യസ്ഥമാണ്.
മഴകുറഞ്ഞതും വെയിലിന്റെ കാഠിന്യത്താല്‍ വരള്‍ച്ച ബാധിച്ചതും മൂലം കോള്‍പാടത്തും കടല്‍തീരത്തും വന്നിരുന്ന ദേശാടനപക്ഷികളില്‍ കൂടുതലും നേരത്തെ അപ്രത്യക്ഷമായെന്ന് പി പി ശ്രീനിവാസന്‍ പറഞ്ഞു. വിവിധ ഇനങ്ങളിലുള്ള കടല്‍കാക്കകള്‍ മാത്രമാണ് കടല്‍തീരങ്ങളില്‍ ഇപ്പോള്‍ കുടുതലായി കാണുന്നത്.