Header

നവീകരിച്ച തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ഉദ്ഘാടനം നാളെ വൈകീട്ട് 3 ന്

ഗുരുവായൂർ : സമഗ്ര നവീകരണം പൂര്‍ത്തിയാക്കിയ തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ആശീര്‍വാദവും ഉദ്ഘാടനവും ഓഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിക്കും.

ഇതോടനുബന്ധിച്ച് കോവിഡ് 19ൻറെ പ്രോട്ടോക്കോള്‍ നിബന്ധനകള്‍ക്ക് വിധേയമായി സംഘടിപ്പിച്ചിട്ടുള്ള യോഗത്തില്‍ തൃശൂര്‍ അതിരൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ആൻറണി ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിക്കും.

ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. രതി സ്മാര്‍ട്ട് ക്ലാസ് മുറി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ നവീകരണത്തിന് സി.എസ്.ആര്‍. ഫണ്ട് അനുവദിച്ച കൊച്ചിന്‍ ഷിപ്പിയാര്‍ഡ് എം.ഡി. യും ചെയര്‍മാനുമായ മധു. എസ്. നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുള്ള ഉപഹാരം ആര്‍ച്ച് ബിഷപ്പ് സമ്മാനിക്കും.

സ്‌കൂള്‍ മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളി, ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.ബി. അനില്‍, പ്രധാനാധ്യാപകൻ എ.ഡി. സാജു, വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശ്ശേരി, ജനറല്‍ കണ്‍വീനര്‍ കെ.ടി. സഹദേവന്‍, പി.ടി.എ. പ്രസിഡൻറ് എന്‍.പി. സുബൈര്‍ എന്നിവര്‍ ആശംസകള്‍ നേരും.

ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, നഗരസഭ വിദ്യാഭ്യാസകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍, കൗണ്‍സിലര്‍ ശ്രീദേവി ബാലന്‍, ബി.പി.ഒ. എ.ജി. ജയ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. നാട്ടുകാര്‍ക്കും പ്രവാസികളായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ഉദ്ഘാടന പരിപാടികള്‍ വീക്ഷിക്കുന്നതിനായി സി.സി.ടി.വി. തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.

1907 ല്‍ മലബാറില്‍ പൊന്നാനി താലൂക്കില്‍ മദ്രാസ് വിദ്യാഭ്യാസവകുപ്പിൻറെ കീഴില്‍ ആരംഭിച്ച ഈ പ്രൈമറി വിദ്യാലയം 113 വര്‍ഷം പൂര്‍ത്തിയാക്കി. ഇടകാലത്തുവെച്ച് കുട്ടികളുടെ കുറവുമൂലം സ്‌കൂളിന്റെ അവസ്ഥ മോശമായെങ്കിലും എല്‍.കെ.ജി., യു.കെ.ജി ഉള്‍പ്പെടെ ഇന്ന് നൂറിലധികം വിദ്യാര്‍ത്ഥികളുമായി സാമാന്യം ഭേദപ്പെട്ട നിലയിലേക്ക് ഉയര്‍ന്നുവരുന്നുണ്ട്.

പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ തൃശൂര്‍ അതിരൂപതയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചുരുക്കം സ്‌കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.

ഒരു നൂറ്റാണ്ടു മുമ്പ് ഇവിടെ ക്രിസ്ത്യന്‍പള്ളി വരുന്നതിനു മുമ്പ് ആശാന്‍ പള്ളികൂടമെന്ന നിലയില്‍ എളിയ തോതില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിദ്യാലയം ഇന്ന് തൃശൂര്‍ അതിരൂപതയുടെ കീഴില്‍ ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി ലോക്കല്‍ മാനേജ്‌മെൻറിൻറെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

അടുത്തകാലം വരെ എട്ട് ഡിവിഷനുകളിലായി നാലാം ക്ലാസ് വരെ പഠനം നടന്നിരുന്നു. പിന്നീട് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കുണ്ടായ ഒഴുക്ക് ഈ വിദ്യാലയത്തേയും ബാധിച്ചു. സ്‌കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തിയും കലാ-കായിക-പ്രവര്‍ത്തിപരിചയ മേളകളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയെടുക്കുകയും ചെയ്തതോടെ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സ്‌കൂളിൻറെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണെന്ന് മനസ്സിലാക്കി പി.ടി.എ., എം.പി.ടി.എ, സ്‌കൂള്‍ മാനേജ്‌മെൻറ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ സംയുക്തമായി എടുത്ത തീരുമാനമായിരുന്നു സ്‌കൂളിൻറെ ഇപ്പോഴത്തെ നവീകരണം.

ഉയരം വര്‍ദ്ധിപ്പിച്ച് ട്രസ്സ് വര്‍ക്ക് നടത്തി പുതിയ ഓട് മേഞ്ഞ് മേല്‍ക്കൂരയും ഭിത്തികള്‍ പ്ലാസ്റ്ററിംഗ് നടത്തിയും നിലം വെട്രിഫൈയ്ഡ് ടൈല്‍ വിരിച്ചും ആധുനിക സൗകര്യങ്ങളോടുകൂടി സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കിയും കിച്ചണ്‍ ബ്ലോക്കും ടോയ്‌ലറ്റുകളും പുതുക്കി പണിതും മനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്ത എല്‍.കെ.ജി, യു.കെ.ജി. ക്ലാസ് റൂമുകളുമാണ് നവീകരണത്തിൻറെ ഭാഗമായി ഈ സ്‌കൂളിനെ അണിയിച്ചൊരുക്കിയിട്ടുള്ളത്.

ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. സ്‌കൂള്‍ തുറക്കുന്നതോടുകൂടി പുതിയ ബഞ്ചും ഡസ്‌കും സജ്ജീകരിക്കും.
കോവിഡ് 19ൻറെ നിബന്ധനകളും ലോക്ഡൗണും സാമ്പത്തിക സമാഹരണത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയെങ്കിലും പൂര്‍വ്വവിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും പൂര്‍വ്വകാല അദ്ധ്യാപകരും, ഇടവകക്കാരും, നാട്ടുകാരും, സന്യസ്ത സഭാസമൂഹങ്ങളും ഉദാരമായി നല്‍കിയ സംഭാവനയും സര്‍വ്വോപരി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിൻറെ സി.എസ്.ആര്‍. ഫണ്ടുമാണ് സമയബന്ധിതമായി നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

ഫാ. സെബി ചിറ്റിലപ്പിള്ളി ചെയര്‍മാന്‍, എ.ഡി. സാജു ഹെഡ്മാസ്റ്റര്‍, എന്‍.പി. സുബൈര്‍ പി.ടി.എ. പ്രസിഡൻറ്, കെ.ടി. സഹദേവന്‍ ജനറല്‍ കണ്‍വീനര്‍, പി.ഐ. വര്‍ഗ്ഗീസ് കോഡിനേറ്റര്‍, പി.ഐ. ജോസഫ് കണ്‍വീനറായുള്ള കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയും ശശി വാറണാട്ട് കണ്‍വീനറായുള്ള പബ്ലിസിറ്റി കമ്മിറ്റിയും, പി.ഐ. ലാസര്‍ കണ്‍വീനറായുള്ള ഫൈനാന്‍സ് കമ്മിറ്റിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിൻറെ പരിണിതഫലമാണ് ഈ സ്‌കൂളിൻറെ നവീകരണം.

thahani steels

Comments are closed.