ചാവക്കാട് : ഗുരുവായൂർ ലേഖകൻ ലിജിത് തരകന്റെതായി മാധ്യമം പത്രം പ്രസിദ്ധീകരിച്ച, നാലാം ക്ലാസുകാരൻ അനന്തു പഠനത്തിൻറെ ഭാഗമായി തപാൽ ദിനത്തിൽ എഴുതിയ കത്ത് അനന്തുവിൻറെ കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച കഥയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തു വയറലാക്കിയത്.

വാട്‌സ് ആപ്പും ഫേസ് ബുക്കും ട്വിറ്ററുമൊക്കെ അരങ്ങുവാഴും സൈബര്‍ കാലത്ത് ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാരൻ അനന്തു പഠനത്തിൻറെ ഭാഗമായി തപാൽ ദിനത്തിൽ എഴുതിയ കത്ത് അവൻറെയും കുടുംബത്തിൻറെയും ജീവിതം മാറ്റിമറിച്ചു. ഒരു വ്യാഴവട്ടത്തിലധികം നീണ്ട പരിഭവവും പിണക്കവും പുനസമാഗമത്തിന് വഴിയൊരുക്കിയത് അനന്തുവിൻറെ കുഞ്ഞുകൈകളില്‍ നിന്ന് ഇന്‍ലൻറിലേക്ക് വാര്‍ന്നു വീണ അക്ഷരങ്ങളാണ്. ഒരു കുഞ്ഞുകത്ത്  അറ്റുപോയ കുടുംബ ബന്ധങ്ങളെ വിളക്കി ചേര്‍ക്കുന്ന കണ്ണിയായി മാറിയ സംഭവം ഒരു സിനിമാക്കഥയേക്കാൾ അവിശ്വസനീയമാണ്.
കഴിഞ്ഞ ഒക്‌ടോബര്‍ 10ന് തപാല്‍ ദിനത്തില്‍ തങ്ങളുടെ മുത്തച്ഛന് കത്തെഴുതാൻ  ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറം ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികളോട് അധ്യാപകർ ആവശ്യപ്പെടുന്നയിടത്താണ് സംഭവങ്ങളുടെ തുടക്കം. അനന്തുവും എഴുതി – താന്‍ ഇതുവരെ കാണാത്ത തൻറെ മുത്തച്ഛന്. 12 വര്‍ഷം മുമ്പാണ് അനന്തുവിൻറെ മാതാപിതാപിതാക്കളും രണ്ട് വയസുള്ള സഹോദരിയും തെക്കന്‍ ജില്ലയിലുള്ള കുടുംബ വീട്ട് ഗുരുവായൂരിലെത്തി വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഏത് കുടുംബത്തിലും സംഭവിക്കാവുന്ന ചെറിയ പിണക്കങ്ങള്‍ മാത്രമായിരുന്നു വിഷയം. എന്നാല്‍, എന്തുകൊണ്ടോ പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം വര്‍ഷങ്ങളോളം നീണ്ടു നിന്നു. ഇതിനിടയിലാണ് അനന്തു ജനിച്ചത്. മുത്തച്ഛനെയോ, പിതാവിൻറെ മറ്റ് ബന്ധുക്കളെയോ അവന്‍ കണ്ടിരുന്നില്ല. അപ്പോഴാണ് കഴിഞ്ഞ തപാല്‍ ദിനത്തില്‍ മുത്തച്ഛനോ, മുത്തശ്ശിക്കോ കത്തെഴുതാന്‍ അധ്യാപകര്‍ പറഞ്ഞത്. വീട്ടില്‍ നിന്നും മുത്തച്ഛൻറെ വിലാസം വാങ്ങി അനന്തുവും മറ്റ് കുട്ടികള്‍ക്കൊപ്പം മുത്തച്ഛന് കത്തെഴുതി. തൻറെ വിലാസമായി ചേര്‍ത്തത് സ്‌കൂളിൻറെ വിലാസമായിരുന്നു. അടുത്ത വേനലവധിക്കാലത്ത് താന്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം മുത്തച്ഛന്റെ വീട്ടിലെത്തുമെന്നായിരുന്നു ഉള്ളടക്കം. എന്നാല്‍ ഉള്ളടക്കം ആരും കണ്ടിരുന്നില്ല. താന്‍ ഇതുവരെ കാണാത്ത പേരക്കിടാവിൻറെ കത്ത് തേടിയെത്തിയപ്പോള്‍ മുത്തച്ഛൻറെയും മറ്റും പിണക്കം അലിഞ്ഞില്ലാതായി. വേനലവധിയില്‍ തന്നെ കാണാനെത്തുന്ന മകൻറെ കുടുംബത്തെ കാത്ത് മുത്തച്ഛൻ വഴിക്കണ്ണുമായി ഇരുന്നു. എന്നാല്‍ അവധിക്കാലത്ത് ചെല്ലാമെന്ന് പറഞ്ഞ വിവരമൊന്നും അനന്തുവിൻറെ മാതാപിതാക്കള്‍ അറിഞ്ഞില്ല. എന്നാല്‍ അവധിക്കാലം കഴിഞ്ഞതോടെ കാത്തിരുന്ന മുത്തച്ഛൻറെ ക്ഷമ നശിച്ചു. പേരക്കുട്ടി എഴുതിയ കത്തിലെ വിലാസത്തിലെ സ്‌കൂളിനെ കുറിച്ചുള്ള അന്വേഷണമായി പിന്നെ. ഗൂഗിള്‍ മാപ് വഴിയുള്ള അന്വേഷണത്തിലൂടെ ഇരിങ്ങപ്പുറത്തെ സ്‌കൂളിലേക്കെത്തി. അനന്തുവിൻറെ പിതാവിൻറെ സഹോദരി ഭര്‍ത്താവാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളിലെത്തിയത്. അപ്പോഴേക്കും അനന്തു നാലാം ക്ലാസ് കഴിഞ്ഞ് മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. ബന്ധുക്കള്‍ പുതിയ സ്‌കൂളിലെത്തിയപ്പോള്‍ ഇതുവരെ കാണാത്തവരെ തിരിച്ചറിയാന്‍ അനന്തുവിന് കഴിഞ്ഞില്ല. ഇത് മുന്‍കൂട്ടി കണ്ടിരുന്ന ബന്ധുക്കള്‍ അനന്തു മുത്തച്ഛനെഴുതിയ കത്ത് മൊബൈലില്‍ ഫോട്ടോയെടുത്ത് കൊണ്ടുവുന്നിരുന്നു. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനന്തുവിൻറെ മാതാപിതാക്കളും സ്‌കൂളിലെത്തി. എന്തായാലും കുഞ്ഞുമനസില്‍ നിന്ന് ഉതിര്‍ന്നു വീണ അക്ഷരക്കൂട്ടങ്ങളുടെ ശക്തിയില്‍ പരിഭവങ്ങളും പിണക്കങ്ങളും  ഉരുകിത്തീർന്നു. അനന്തുവും മാതാപിതാക്കളും സഹോദരിയുമെല്ലാം ചേര്‍ന്ന് അടുത്ത ആഴ്ച തന്നെ കുടുംബവീട്ടിലേക്ക് ചെന്നു. ഇതിവരെ കാണാത്ത മുത്തശ്ശനും മുത്തശ്ശിയും ബന്ധുക്കലുമൊക്കെ അനന്തുവിനെ കൊതിതീരെ കണ്ടു. പുനസമാഗമത്തിന്റെ ആഹ്ലാദവേളയില്‍ അനന്തു വായിരുന്നു താരം. വാടക വീട്ടിലെ താമസം അവസാനിപ്പിച്ച് ഈ ഓണാവധിക്കാലത്ത് തങ്ങളുടെ തറവാട്ടു വീട്ടിലേക്ക് താമസം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അനന്തുവിൻറെ കുടുംബം. പുനസമാഗമത്തിന് വഴിയൊരുക്കിയ ജി.എല്‍.പി സ്‌കൂളിലെ അധ്യാപകര്‍ക്ക് അനന്തുവിൻറെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു.