സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുക – അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ
കേരളത്തിലെ സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ നിലവിലുള്ള ശമ്പളപരിഷ്കരണ കാലാവധി 2023 മാർച്ച് 31 ന് അവസാനിച്ചതിനാൽ പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം എന്ന് അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ. ഈ ആവശ്യം ഉന്നയിച്ച് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവന് നിവേദനം നൽകി. ജീവനക്കാർക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും യു. ബി. ഇ. ഒ. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ചാർട്ടർ ഓഫ് ഡിമാൻഡ്സ് സംസ്ഥാന പ്രസിഡണ്ട് പി. ഉബൈദുള്ള എം.എൽ.എ യുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം സഹകരണ വകുപ്പ് മന്ത്രിക്ക് കൈമാറി.
സഹകരണ സംഘങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് ജീവനക്കാർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. സംസ്ഥാന സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും വരുന്നില്ല. ക്ഷാമബത്ത കുടിശ്ശിക വർദ്ധിക്കുന്നത് പിന്നീട് സഹകരണ സ്ഥാപനങ്ങൾക്ക് വൻ ബാധ്യത വരുത്തും. അതിനാൽ നിലവിൽ കുടിശ്ശികയുള്ള ആറ് ഗഡു ക്ഷാമബത്തയും സഹകരണ ജീവനക്കാർക്ക് അനുവദിച്ചു തരണമെന്ന് സംഘടന നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു.
മറ്റു പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചത് പോലെ സഹകരണ അർബൻ ബാങ്കുകളിലും സൂപ്പർ ഗ്രേഡ് പദവി അനുവദിക്കുകയും അതനുസരിച്ച് സ്റ്റാഫ് പാറ്റേണും ശമ്പള സ്കെയിലും നടപ്പിലാക്കുകയും ചെയ്യുക, സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷൻ 1:1 എന്ന അനുപാതത്തിലാക്കുക, സഹകരണ ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം 60 ആയി ഉയർത്തുക, പെൻഷൻ പദ്ധതിയിൽ കാലോചിതമായ പരിഷ്കരണങ്ങൾ ഏർപ്പെടുത്തുക, ബാങ്കിംഗ് റെഗുലേഷൻ ആക്ട് നിബന്ധനകൾക്ക് അനുസൃതമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അർബൻ ബാങ്കുകൾക്ക് മാത്രമായി ബാധകമാകുന്ന പ്രത്യേകം ചാപ്റ്റർ ഉൾപ്പെടുത്തിക്കൊണ്ട് നിലവിലുള്ള സഹകരണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധി സംഘം ഉന്നയിച്ചു.
സംഘത്തിൽ യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സി. എച്ച്. മുസ്തഫ, ജനറൽ സെക്രട്ടറി കെ. എം. നാസർ, ട്രഷറർ നൗഫൽ പാണ്ടികശാല, സംസ്ഥാന നേതാക്കളായ സുഫിർ ഹുസൈൻ ആലുവ, ഷാഹുൽ ഹമീദ് വരിക്കോടൻ, റഷീദ് വല്ലാഞ്ചിറ, മൂസ തൈക്കാട്ട് കോട്ടക്കൽ, നാസർ മേച്ചേരി മഞ്ചേരി, ഇസ്മായിൽ കല്ലങ്കുന്നൻ കോട്ടക്കൽ, മുജീബ് റഹ്മാൻ. കെ ഫറോക്ക്, ജംഷീർ ഫറോക്ക്, ബഷീർ കറുത്തേടത്ത് കോട്ടക്കൽ, ഫാസിൽ കെ. എ. ആലുവ എന്നിവർ പ്രതിനിധികളായി പങ്കെടുത്തു.
Comments are closed.