റോഡ്, പാലം 146 കോടി വിദ്യാഭ്യാസ മേഖലയിൽ 45 കോടി – ഗുരുവായൂർ മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് 296.1 കോടി

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് 296.1 കോടി ഉൾക്കൊള്ളിച്ച് ബജറ്റ്. അണ്ടത്തോട് ഗവ. എൽ.പി സ്കൂൾ, ഇരട്ടപ്പുഴ ഗവ. എൽ.പി സ്കൂൾ, ചാവക്കാട് പൊലീസ് സ്റ്റേഷൻ, ചാവക്കാട് പി.ഡബ്ല്യു.ഡി ഓഫിസ്, പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവക്ക് കെട്ടിടം നിർമിക്കാൻ രണ്ട് കോടി വീതമാണ് ബജറ്റിലുള്ളത്. ഒരു കോടി ചെലവിൽ പുന്നയൂർ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കും.

ചാവക്കാട് നഗരസഭയിൽ പരപ്പിൽ താഴത്ത് സ്റ്റേഡിയം നിർമിക്കാൻ 12 കോടിയും ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് 40 കോടിയുമുണ്ട്. മമ്മിയൂർ ജങ്ഷനിൽ മേൽപാലം നിർമിക്കാനും 40 കോടി അനുവദിച്ചിട്ടുണ്ട്.
ചാവക്കാട് കുന്നംകുളം റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്നതിന് 25 കോടിയും കറുകമാട് പാലം പുനർനിർമാണത്തിന് 13.6 കോടി, അണ്ടത്തോട് പാലത്തിന് 43.5 കോടി, ചാവക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമിക്കാൻ 15 കോടിയും ബജറ്റിൽ നീക്കിവെച്ചിടുണ്ട്. മത്സ്യമേഖലയിൽ മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻറർ സ്ഥലമേറ്റെടുത്തുള്ള വിപുലീകരണത്തിന് ഏഴ് കോടിയുണ്ട്. രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന കടപ്പുറം വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, മുനക്കക്കടവ് എന്നിവിടങ്ങളിൽ 20 കോടി ചെലവിട്ട് തൊട്ടാപ്പ് ലൈറ്റ് ഹൗസ് എന്നിവിടങ്ങളിൽ ഗ്രോയിൻ നിർമിക്കും.
ബ്ലാങ്ങാട് ബീച്ച് ടൂറിസത്തിന് 10 കോടിയും ബ്ലാങ്ങാട് ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് ഫിഷറീസ് ടവർ, മത്സ്യ ഭവൻ കെട്ടിടങ്ങൾ എന്നിവക്ക് 10 കോടിയും ചേറ്റുവ റോഡിൽ മൂന്നാംകല്ല് പാലം പുനർനിർമാണത്തിന് 25 കോടിയും ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സ്ഥലമെടുപ്പുൾപ്പെടെ വിപുലീകരണത്തിന് എട്ട് കോടിയും വകയിരുത്തിയിട്ടുണ്ട്.

Comments are closed.