പുന്നയൂർ: പൗരത്വ ഭേധഗതി നിയമം നടപ്പിലാക്കി ഇന്ത്യയിൽ രണ്ടാം വിഭജനത്തിന് തയ്യാറെടുക്കുകയാണ് സംഘ പരിവാറെന്നു സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ വടക്കേടത്ത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ മന്നലാംകുന്ന് മേഖല സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നലാംകുന്ന് മഹല്ല് പ്രസിഡന്റ് എ.എം അലാവുദീൻ അധ്യക്ഷത വഹിച്ചു. ഹിന്ദുവിനേയും മുസ്ലിമിനെയും വേർത്തിരിച്ച ഇന്ത്യ വിഭജനത്തിന് പിൻതുണ നല്കിയവരാണ് ഹിന്ദു മഹാസഭയുടെ ആളുകൾ. അന്ന് അതിനു ശ്രമിച്ചത് ബ്രിട്ടീഷുകാരാണെങ്കിൽ ഇന്ന് അതിനു ശ്രമിക്കുന്നത് കേന്ദ്ര ഭരണകൂടവും സംഘപരിവാറുമാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
ശിയാസ് അലി വാഫി മുഖ്യ പ്രഭാഷണം നടത്തി. പുന്നയുർ പഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ ശിവാനന്ദൻ പെരുവഴിപുറത്ത്, ഡോ:അബ്ദുൽ ഗഫൂർ ഫൈസി, പാപ്പാളി ഹിറ മസ്‌ജിദ്‌ ഖത്തീബ് പി.കെ സൈനുദീൻ ഫലാഹി. സി.വി സുരേന്ദ്രൻ മരക്കാൻ, ജമാൽ മരക്കാർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ മന്നലാംകുന്ന് മുഹമ്മദുണ്ണി സ്വാഗതവും ജോയിന്റ് കൺവീനർ കെ.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു. മന്നലാംകുന്ന് മഹല്ല്‌, മുഹ്‌യിദ്ദീൻ മസ്ജിദ് മഹല്ല്‌, ത്വാഹ മസ്ജിദ് മഹല്ല് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളായ ആലുങ്ങൽ ബാപ്പുട്ടി, കറുത്താരൻ ഹൈദർ, എൻ കുഞ്ഞുമുഹമ്മദ്‌, എം.പി കുഞ്ഞുമുഹമ്മദ്, ബാദുഷ ബാഖവി, കെ.എം ഹൈദർ അലി, പുഴിക്കുന്നത്ത് അബുഹാജി, പി മുഹമ്മദ് കോയ എന്നിവർ റാലിക്ക് നേതൃത്വം നൽകി.