കടപ്പുറം :  ഓഖി കടലേറ്റസമയത്ത് കടപ്പുറം പഞ്ചായത്തിലെ തകർന്ന കടൽഭിത്തി നിർമിച്ചുനൽകാമെന്ന് കടലോരവാസികൾക്ക് നൽകിയ വാക്ക് മന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികൾ പാലിച്ചില്ലെന്ന് ആക്ഷേപം. ആറുമാസംമുമ്പ് ഓഖി കടലേറ്റസമയത്ത് മന്ത്രി എ.സി. മൊയ്തീൻ, കെ.വി. അബ്ദുൾഖാദർ എം.എൽ.എ. തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് തകർന്ന കടൽഭിത്തി പുനർനിർമിക്കാമെന്ന് കടലോരവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ കല്ലുകിട്ടാനില്ലെന്ന കാരണം പറഞ്ഞ് കടൽഭിത്തി പുനർനിർമാണം നടന്നില്ല. കാലവർഷം ആരംഭിച്ചതിനെത്തുടർന്ന് രണ്ടാം തവണയാണ് കടപ്പുറത്ത് കടലേറ്റം രൂക്ഷമാവുന്നത്. ഓഖി സമയത്തെ ദുരിതത്തിനു സമാനമായ അവസ്ഥയാണ് ജനങ്ങൾ ഇപ്പോൾ നേരിടുന്നത്. പകൽസമയത്താണ് കടലേറ്റം രൂക്ഷമാകുന്നതെന്ന വ്യത്യാസം മാത്രമാണുള്ളത്. മൂന്നുദിവസമായി കടലേറ്റം തുടരുന്ന പ്രദേശം എം.എൽ.എ. സന്ദർശിക്കാൻപോലും തയ്യാറാകാത്തതിലെ അമർഷം നാട്ടുകാർ പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തരവാദപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച നാട്ടുകാർ റോഡുപരോധസമരം നടത്തിയിരുന്നു. കളക്ടർ സ്ഥലം സന്ദർശിക്കാമെന്ന ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതേത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ഡെപ്യൂട്ടി കളക്ടർ ബാബു സേവ്യർ ദുരിതമേഖല സന്ദർശിച്ചു. ചൊവ്വാഴ്ച കളക്ടർ സ്ഥലം സന്ദർശിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.