ചാവക്കാട്: വസൂരി ബാധിച്ച് ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ദിവസം മണത്തല സഹൃദയ നഗറില്‍ പതിമൂന്ന് ആടുകള്‍ ചത്തു.

മണത്തല സഹൃദയ നഗർ  പുതുവീട്ടിൽ അൻവറിന്‍റെ ഏഴ്  ആടുകളും, പുതുവീട്ടിൽ സാവൻ അലിയുടെ 6 ആടുകളുമാണ് ചത്തത്. കൂടുതല്‍ ആടുകള്‍ രോഗബാധിതരായിട്ടുണ്ട്. ചികിത്സയിലായിരിന്നിട്ടും കൂട്ടത്തോടെ ചാവുന്നത് കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ശരീരത്തില്‍ വൃണങ്ങള്‍ കാണപ്പെടുന്നതാണ് ഈ രോഗത്തിന്റെ ആദ്യലക്ഷണം. രോമമില്ലാത്ത ഭാഗത്തെ വൃണങ്ങള്‍ വീര്‍ത്ത് പൊട്ടി രക്തമൊലിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. മുഖത്ത് മൂക്കിലും കണ്ണിലും പിന്നെ പൃഷ്ടഭാഗത്തുമാണ് വൃണം പൊട്ടി രക്തമൊലിക്കുന്നത്. വൃണങ്ങള്‍ വരുന്നതോടെ കണ്ണുകള്‍ അടയലാണ് പതിവ്. പിന്നീട് ആ ഭാഗത്ത് നിന്ന് രക്തം വന്ന് കാഴ്ച്ച നഷ്ടപ്പെടുകയും തുടര്‍ന്ന് പുഴു നുരച്ച് ഏഴ് ദിവസത്തിനുള്ളിലാണ് ചാകുന്നത്. പുഴുവെത്തുന്നതോടെ അസഹ്യമായ ദുര്‍ഗന്ധമുയരുന്നു. ഏറെ ദയനീമാണ് ഈ ഘട്ടത്തിലെ ആടുകളുടെ അവസ്ഥ. എന്നാല്‍ തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും ചികിത്സ നല്‍കുകയും ച്യ്താല്‍ ആടുകള്‍ സുഖം പ്രാപിക്കുന്നുണ്ട്.
ആടുമാടുകളെ വളര്‍ത്തുന്നവര്‍ അവയെ വെറുതെ മേയാന്‍ വിടുകയോ, അസുഖം വന്ന ആടുകളെ പുറത്ത് മറ്റ് ആടുകളുള്ള പറമ്പുകളില്‍ കെട്ടിയിടുകയോ ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ചാവക്കാട് മേഖലയില്‍ അകലാട് പ്രദേശത്താണ് ആദ്യമായി ആടുകളില്‍ ഗോട്ട്പോക്സ് ബാധിച്ചതായി കണ്ടെത്തിയത്. നിരവധി ആടുകള്‍ക്ക് ഇവിടെ വസൂരി ബാധിച്ചിരുന്നു.