മുതുവട്ടൂര്‍ : പ്രവാചകനായ ഇബ്റാഹിമും കുടുംബവും നമുക്ക് പകര്‍ന്ന് നല്‍കിയ സ്നേഹത്തിന്റെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, സമര്‍പണത്തിന്റെയും മാര്‍ഗ്ഗം പിന്‍തുടര്‍ന്ന് ലോകത്ത് സമാധാനം കൈവരിക്കാന്‍ നമുക്ക് കഴിയണമെന്ന് മുതുവട്ടൂര്‍ മഹല്ല് ഖത്തിബ് സുലൈമാന്‍ അസ്ഹരി പറഞ്ഞു. ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മുതുവട്ടൂര്‍ മഹല്ലു് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹവിരുന്നില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് ജനറല്‍ സെക്രട്ടറി എ വി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അക്ബര്‍ ഓവുങ്ങല്‍ പ്രാര്‍ത്ഥനാഗീതം നടത്തി. ഫാദര്‍ നോബി അമ്പൂക്കന്‍ (കോട്ടപ്പടി സെന്റ് ലാസേഴ്സ് ചര്‍ച്ച്), ചാവക്കാട് മുന്‍സിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സന്‍ എം ബി രാജലക്ഷ്മി, കൗൺസിലര്‍മാരായ കെ എസ് ബാബുരാജ്, സൈസന്‍ മാറോക്കി, ശാന്ത സുബ്രമണ്യന്‍, മുന്‍ കൗൺസിലര്‍മാരായ കെ വി സത്താര്‍, ബേബി ഫ്രാന്‍സീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൺവീനര്‍ ഷംസുദ്ദീന്‍ അറക്കല്‍ സ്വാഗതവും ഇല്യാസ് മുതുവട്ടൂര്‍ നന്ദിയും പറഞ്ഞു.