Header

സംസ്ഥാന ഭിന്നശേഷി പുരസ്കാരം എടക്കഴിയൂർ സ്കൂൾ വിദ്യാർത്ഥിക്ക്

എടക്കഴിയൂർ: കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരം എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിക്ക്. ബെസ്റ്റ് ചൈൽഡ് ക്രീറ്റിവിറ്റി വിത്ത്‌ ഡിസബിലിറ്റി വിഭാഗത്തിൽ തൃശൂർ ജില്ലയിൽ നിന്നും സംസ്ഥാന പുരസ്കാരത്തിന് അർഹത നേടിയത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൽ ഹാദി. ചെറുപ്പം മുതലേ വായന ശീലവും സാഹിത്യരചനയും കൈമുതലാക്കിയ അബ്ദുൾ ഹാദി കഥ, കവിതാരചന, വായന, മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2021-ലെ ഉജ്ജ്വല ബാല്യം പുരസ്കാരം അബ്ദുൾ ഹാദിക്ക് ലഭിച്ചിട്ടുണ്ട്. 2021-ൽ നടത്തിയ ഉണർവ് പരിപാടിയിൽ കഥാരചനയിൽ രണ്ടാം സ്ഥാനവും,  ജില്ലാ തലത്തിൽ ബി ആർ സി സംഘടിപ്പിച്ച കവിത, കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനവും അബ്ദുൾ ഹാദി കരസ്ഥമാക്കി.

പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ അധ്യാപകനായ എടക്കഴിയൂർ സ്വദേശി അബ്ദുൽ സലീം മാസ്റ്ററുടെ മകനാണ് ഹാദി. ഷബ്‌നയാണ് മാതാവ്. മസ്കുലർ ഡിസ്ട്രാഫി എമ്പത് ശതമാനം ബാധിച്ച വിദ്യാർത്ഥിയാണ് ഹാദി. തന്നെ പോലെ വിഷമതകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിസന്ധികളെ തരണം ചെയ്യാനും ആശ്വാസം പകരനുമായി യൂട്യൂബ് വീഡിയോകൾ വഴി ക്ലാസ്സുകൾ, യാത്ര വിവരണം എന്നിവയിൽ അബ്ദുൽ ഹാദി സജീവമാണ്.

സാമൂഹ്യനീതി ഡയറക്ടർ അധ്യക്ഷൻ ആയിട്ടുള്ള സ്ക്രൂട്ടണൈസിങ് കമ്മിറ്റി നാമനിർദ്ദേശങ്ങൾ വിലയിരുത്തി. യോഗ്യമായവയിൽനിന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന അവാർഡ് നിർണ്ണയ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച ഗ്രാമപഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ട പട്ടികയിൽ തൃശൂരിലെ പുന്നയൂർക്കുളവും. മലപ്പുറം ജില്ലയിലെ പുൽപ്പറ്റയാണ് മറ്റൊന്ന്.

thahani steels

Comments are closed.