ഗുരുവായൂർ : വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് സഹകരണ ആർബിട്രേഷൻ കോടതി സ്റ്റേ ചെയ്തു. സി പി ഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗവും സ്ഥാനാർത്ഥിയുമായ ടി ടി ശിവദാസനാണ് കോടതിയെ സമീപിച്ചത്. ജനുവരി 22ന് കൂടുതൽ വാദം കേൾക്കുന്നതിനും കോടതി തീരുമാനിച്ചിട്ടുണ്ട്. യു ഡി എഫ്  അയ്യായിരത്തോളം വോട്ടുകൾ വഴിവിട്ട രീതിയിൽ ചേർക്കുകയും കൃത്രിമമായി തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുകയും ചെയ്തതായി ആക്ഷേപമുയർന്നിരുന്നു.  ഇത്തരത്തിൽ ചേർത്ത 761 വോട്ടുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തുകയും റിട്ടേണിംങ്ങ് ഓഫീസർ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ യു ഡി എഫ് ഹൈകോടതിയെ സമീപിച്ചുവെങ്കിലും കോടതി റിട്ടേണിംങ്ങ് ഓഫീസറുടെ നടപടി ശരിവെക്കുകയാണ് ചെയ്തത്. നാലായിരത്തോളം വോട്ടുകൾ ചേർത്തതായി പിന്നിട് കണ്ടെത്തി. ഇതിന് ശേഷം സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കാൻ സമിപിച്ചപ്പോൾ മാത്രമാണ്  പലരും തങ്ങൾക്ക് വോട്ടുള്ള വിവരം അറിയുന്നത് തന്നെ. ഇവരുടെ തിരിച്ചറിയൽ കാർഡുകളും കൃത്രിമമായി  ഉണ്ടാക്കിയതായും കണ്ടെത്തി. തുടർന്ന് ടി ടി ശിവദാസൻ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന്  കണ്ടാണ് സ്റ്റേ. നിരവധി അഴിമതി ആരോപണങ്ങളുയർന്നതും പരാതിക്കാരൻ കോടതിയിൽ ഉന്നയിച്ചിരുന്നു.