ചാവക്കാട് : ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു വിദ്യാര്‍ത്ഥി തെറിച്ചു വീണു വിദ്യാര്‍ത്ഥി യുടെ രണ്ടു കൈകളും ഒടിഞ്ഞു. ബസ് നിര്‍ത്താതെ പോയി.
തിരുവത്ര ചിങ്ങനാത്ത് എ സി അലിയുടെ മകന്‍ ഒരുമനയൂര്‍ നാഷ്ണല്‍ ഹുദാ സ്‌കൂള്‍ ഒമ്പതാം കഌസ് വിദ്യാര്‍ത്ഥിയുമായ ഹസീം ആരിഫ് (14 )നാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 4.30 ന് ഒരുമനയൂര്‍ തങ്ങള്‍ പടിയില്‍ വെച്ചാണ് സംഭവം. ചേറ്റുവ ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന  സ്വകാര്യ ബസാണ് അപകടം വരുത്തിയത്.
കൂട്ടുകാരനുമൊത്ത് ബസില്‍ കയറവെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. കൂട്ടുകാരന്‍ ആദ്യം ബസില്‍ കയറി ഹസീം ആരിഫ് രണ്ടാമതാണ് ബസില്‍ കയറാന്‍ ശ്രമം നടത്തിയത്.
വിദ്യാര്‍ത്ഥി തെറിച്ചു വീഴുന്നത് കണ്ടിട്ടും ബസ് നിറുത്തിയില്ലന്നു മാത്രമല്ല ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ ചീത്തവിളിച്ചാണ് ബസ് മുന്നോട്ടെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു.