എസ് വൈ എസ് പ്ലാറ്റ്യൂണ്‍ വളണ്ടിയര്‍ റാലി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച ചാവക്കാട്
ചാവക്കാട്: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് സെന്ററില്‍ പ്ലാറ്റിയൂണ്‍ വളണ്ടിയേഴ്‌സ് റാലി സംഘടിപ്പിക്കുന്നു. സാമൂഹിക സേവന മേഖലയില്‍ സ്വയം സന്നദ്ധരായി രംഗത്തെത്തുന്ന യുവ ജനങ്ങളുടെ സന്നദ്ധ സംഘമാണ് പ്ലാറ്റ്യൂണ്‍ അംഗങ്ങള്‍. മണത്തലയില്‍ നിന്ന് തുടങ്ങി ബസ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയില്‍ റാലി സമാപിക്കും.
ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്കും എസ് വൈ എസ് സംസ്ഥാന കമ്മിറ്റി റാലി ആഹ്വാനം ചെയ്തിട്ടുണ്ട്.
ജില്ലയിലെ 45 സര്‍ക്കിളുകളില്‍ നിന്ന് പരിശീലനം നല്‍കി തിരഞ്ഞെടുക്കപ്പെട്ട പ്ലാറ്റിയൂണ്‍ വളണ്ടിയര്‍മാര്‍ റാലിയില്‍ അണിനിരക്കും. ചാവക്കാട് ബസ്റ്റാന്റ് പരിസരത്തുള്ള മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന നേതൃത്വം പ്ലാറ്റിയൂണ്‍ അംഗങ്ങളെ നാടിന് സമര്‍പ്പിക്കും.
പൊതു സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം ക്യാബിനറ്റ് അംഗങ്ങളും ജില്ലയിലെ പ്രാസ്ഥാനിക പ്രവര്‍ത്തകരും സംബന്ധിക്കും.
പരിപാടിയുടെ സംഘാടനത്തിനായി ചാവക്കാട് സാന്ത്വനം മഹല്ലില്‍ വെച്ച് സ്വാഗതസംഘം രൂപവത്കരിച്ചു. എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി ശമീര്‍ എറിയാടിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. പി എസ് എം റഫീഖ്, വാഹിദ് നിസാമി, അബ്ദുല്ല ബാഖവി പുതുമനശേരി, ഇസ്മാഈല്‍ മുസ്ലിയാര്‍ കറുകമാട് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ നവാസ് പാലുവായി. കണ്‍വീനര്‍ നിഷാര്‍ മേച്ചേരിപ്പടി. ട്രഷറര്‍ ഹുസൈന്‍ ഹാജി പെരിങ്ങാട്. ഉപദേശക സമിതി അംഗങ്ങളായി ഹൈദ്രോസ് തങ്ങള്‍, ഇസ്ഹാഖ് ഫൈസി ചേറ്റുവ, ഐ എം മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ വാഹിദ് നിസാമി എന്നിവരെയും തിരഞ്ഞെടുത്തു.
Comments are closed.