ഗുരുവായൂർ : ഒല്ലൂർ പ്രസ് ക്ലബിൻറെ ടി.വി. അച്യുത വാരിയർ മാധ്യമ പുരസ്കാരം സി.സി.ടി.വി സീനിയർ എഡിറ്റർ മനീഷ് വി. ഡേവിഡിനും മാധ്യമം ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനും സമ്മാനിച്ചു. ഒല്ലൂരിൽ നടന്ന ചടങ്ങിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുരസ്കാരം സമ്മാനിച്ചു. ഫലകവും പ്രശസ്തിപത്രവും 5000 രൂപയും അടങ്ങുന്നതാണ് പുസ്കാരം. പുരസ്കാര ജേതാക്കളെ ചീഫ് വിപ്പ് കെ. രാജൻ പൊന്നാട അണിയിച്ചു. നടൻ ജയരാജ് വാരിയർ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ആക്ടിങ് മേയർ പി. റാഫി ജോസ് മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ് പ്രസിഡൻറ് കെ.ആർ. ഔസേപ്പ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.പി. പോളി, ബിന്ദു കുട്ടൻ, പ്രസ് ക്ലബ് സെക്രട്ടറി റാഫി ചാലിശ്ശേരി, സുരേഷ് എടക്കുന്നി, വി.ജെ. റാഫി, ജെയിംസ് ചാക്കേരി എന്നിവർ സംസാരിച്ചു.