


ചാവക്കാട്: ചാവക്കാട് സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിൽ വെച്ച് രാവിലെ ഏഴു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളായി ചികിത്സയിലായിരുന്നു.
ചാവക്കട് ബ്ലാങ്ങാട് കാട്ടില്‍ വലിയകത്ത് കുഞ്ഞിമൊയ്തീന്‍ – അറക്കല്‍ മുംതാസ്(തജുമ്മ) ദമ്പതികളുടെ മകനായി ജനനം. ഏഴാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചു. മാട്ടുമ്മല്‍ എല്‍ പി സ്കൂള്‍, മണത്തല സ്കൂള്‍, ചാവക്കാട് ഹൈസ്കൂള്‍ എന്നിവിടങ്ങില്‍ വിദ്യാഭ്യാസം. എട്ടാം ക്ലാസ് പഠനം കഴിഞ്ഞതോടെ അനാഥത്വത്തിന്റെ സംങ്കടങ്ങളും പേറി ആരോടും പറയാതെ അദ്ദേഹം ബാംഗ്ലൂരിലേക്ക് വണ്ടികയറി.
ചെറുപ്പം മുതലേ ചിത്രങ്ങള്‍ വരച്ചിരുന്ന അദ്ദേഹം ചാവക്കാട് സ്കൂളിലെ പഠനകാലത്ത് നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ബാംഗ്ലൂരിലെത്തി വിവിധ ജോലികളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. കര്‍ണാടക ചിത്ര കലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍ നിന്ന് കലാ പരിശീലനം നേടി.
കേരള സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്‌ക്കാരമുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുനിന്നും ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2005ല്‍ ഫ്‌ളോറന്‍സ് അന്തര്‍ദേശീയ ബിനാലെയില്‍ സ്വര്‍ണ മെഡല്‍ നേടി. നഗരജീവിതത്തിലെ ദാരിദ്ര്യവും അവഗണനയും നിസ്സഹായതയും കടുംവര്‍ണങ്ങളില്‍ അമൂര്‍ത്തമായി ചിത്രീകരിക്കുകയാണ് യൂസഫ് അറയ്ക്കല്‍ തന്റെ വിഖ്യാതമായ ശൈലിയിലൂടെ ചെയ്തിരുന്നത്. കബറടക്കം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് ഇസ്ലാംപുര്‍ മസ്ജിദില്‍ നടക്കും. ഭാര്യ : ബാംഗ്ലൂര്‍ സ്വദേശി സാറ. മകന്‍ : ഷിബു. സഹോദരങ്ങള്‍ നിര്യാതരായ മുനീര്‍, ഖാലിദ്.

Comments are closed.