പുന്നയൂര്‍ പഞ്ചായത്തിലെ പട്ടയ പ്രശ്നത്തിന് പരിഹാരമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റിയുടെ അംഗീകാരം – പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് എം എൽ എ

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് പ്രദേശങ്ങളിലും ഫിഷറീസ് ഉന്നതികളിലുമുള്ള കാലങ്ങളായുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായെന്നും രണ്ട് പ്രദേശങ്ങളിലുമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റി അംഗീകാരം നല്‍കിയതായും എം.എല്‍.എ അറിയിച്ചു. ഉടന്‍ തന്നെ പട്ടയമേള സംഘടിപ്പിച്ച് പുന്നയൂരില്‍ വെച്ച് പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും എം എൽ എ പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗുരുവായൂര്‍ നിയോജക മണ്ഡലതല പട്ടയ അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുക യായിരുന്നു എം എൽ എ. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടല്‍ പുറംപോക്കില്‍ താമസിക്കുന്ന 600 ലധികം വരുന്ന താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബർ നിർദേശം നൽകി.

വര്‍ഷങ്ങളായി കടല്‍ പുറംപോക്കിലെ അണ്‍സര്‍വ്വേ ലാന്‍റില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിഷയം സബ്മിഷനായി നിയമസഭയില്‍ അവതരിപ്പിക്കുകയും അതിന്റെ തുടര്‍ച്ചയായി അണ്‍സര്‍വ്വേ ലാന്‍റ് സര്‍വ്വേ നടത്താന്‍ തീരുമാനമായതായും എം.എല്‍.എ പറഞ്ഞു. പട്ടയ ഡാഷ്ബോര്‍ഡില്‍ വിവിധ വില്ലേജുകളിലായി 560 പേരെ ഉള്‍പ്പെടുത്തിയതായും നടപടി സ്വീകരിച്ച് വരുന്നതായും തഹസില്‍ദാര്‍ പട്ടയ അസംബ്ലിയില്‍ വ്യക്തമാക്കി. കടല്‍ പുറംപോക്കില്‍ താമസിക്കുന്നവരുടെ പട്ടയ പ്രശ്നത്തിന് പ്രഥമ പരിഗണന നല്‍കി പരമാവധി വേഗത്തില്‍ തീരുമാനം എടുക്കുന്നതിന് തഹസില്‍ദാര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. എല്ലാ ജനപ്രതിനിധികളും അവരവരുടെ വാര്‍ഡുകളില്‍ പട്ടയം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ തയ്യാറാക്കി നല്‍കണം.
എന്‍.കെ അക്ബർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൻ ഷീജ പ്രശാന്ത്, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി സുരേന്ദ്രന്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിജിത സന്തോഷ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സാലിഹ ഷൌക്കത്ത്, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേഷ്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍, ചാവക്കാട് തഹസില്‍ദാര്‍ കിഷോര്‍ എം.കെ, പുഞ്ച സ്പെഷല്‍ തഹസില്‍ദാര്‍ കെ.ജി പ്രാണ്‍സിംഗ്, അഡീഷണല്‍ തഹസില്‍ദാര്‍ വി.ബി ജ്യോതി, തഹസില്‍ദാര്‍ അനില്‍ എല്‍.എ, നഗരസഭയിലെയും ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികള്‍, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.