Header

വെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീകള്‍ വീട്ടില്‍ നിന്നും 21000 രൂപ കവര്‍ന്നു

ഗുരുവായൂര്‍: വെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീകള്‍ വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 21000 രൂപ കവര്‍ന്നു. പുന്നത്തൂര്‍ കള്ള് ഷാപ്പ് റോഡിന് സമീപം രായംമരക്കാര്‍ വീട്ടില്‍ അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. പുന്നത്തൂര്‍ റോഡിലെ ഓട്ടോ ഡ്രൈവറായ അഷറഫിന്റെ ഭാര്യ ഷരീഫ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വെള്ളം ചോദിച്ചാണ് കുട്ടികളടക്കമുള്ള നാലംഗ സംഘം വീട്ടിലെത്തിയത്. സ്ത്രീകള്‍ മാത്രമുള്ള സംഘമായതിനാല്‍ ഷരീഫ വീടിന്റെ മുന്നിലെ ഗ്രില്‍ തുറന്ന് വെള്ളവും ഭക്ഷണവും നല്‍കി. എന്നാല്‍ ഇതിനിടയില്‍ സംഘത്തിലെ ചിലര്‍ വീടിന് പുറകിലൂടെ ഉള്ളില്‍ കയറി അലമാരിയില്‍ ഇരുന്ന 21000 രൂപ മോഷ്ടിക്കുകയായിരുന്നു. അടുത്തയാഴ്ച നടക്കുന്ന മകളുടെ വിവാഹ നിശ്ചയത്തിനായി സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. കുന്നംകുളത്തെ തുണിക്കടയില്‍ ജോലി ചെയ്യുന്ന മകള്‍ വീട്ടിലെത്തി അലമാര തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഗുരുവായൂര്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Comments are closed.