Header

ബ്രഹ്മപുരം പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ

ചാവക്കാട് : പത്ത് ദിവസമായി പുകഞ്ഞു കൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ.
ശ്രുതി കെ എസ്‌, അഞ്ജന, സ്മിന എന്നീ മൂന്ന് വനിതകളുമായാണ് ഗുരുവായൂർ ഫയർ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെ നാലു മണിക്ക് ബ്രഹ്മപുരം ദൗത്യവുമായി വാഹനം പുറപ്പെട്ടത്.

അധ്യാപിക, മാധ്യമ പ്രവർത്തക, എഴുത്തുകാരി, സാമൂഹ്യ പ്രവർത്തകയുമായ ശ്രുതി സിവിൽ ഡിഫൻസ് അംഗം എന്ന നിലയിലാണ് ബ്രഹ്മപുരം ദൗത്യത്തിൽ പങ്കാളിയാകാൻ കൊച്ചിയിലേക്ക് വണ്ടി കയറിയത്. പാലയൂർ സ്വദേശിയും രണ്ടു കുട്ടികളുടെ മാതാവുമായ ഇവർ സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.
തൊഴിയൂർ സ്വദേശി സ്മിനയും അഞ്ജനയും സിവിൽ ഡിഫൻസ് അംഗങ്ങളാണ്.

രണ്ടാം തിയതി ആരംഭിച്ച പുകയണക്കൽ ശ്രമം അന്തിമ ഘട്ടത്തിലാണ്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
രാപകലില്ലാതെ യന്ത്രസാമഗ്രികളുടെ സഹായത്തോടെ അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ്‌ അഗ്നി രക്ഷാസേനാംഗങ്ങൾ ഉൾപ്പെടെയുള്ളവരും സന്നദ്ധസേനയും ഉദ്യോഗസ്ഥസംഘവും പ്രവർത്തിക്കുന്നത്‌. 90 ശതമാനത്തിലേറെ പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്‌. ശേഷിക്കുന്ന ഭാഗത്തെ പുകയണയ്‌ക്കാനുള്ള ജോലി നാളത്തോടെ പൂർത്തിയായേക്കും എന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നതായി ശ്രുതിയും സംഘവും അറിയിച്ചു.
മാലിന്യക്കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെവെല്ലുവിളിയായത്. എസ്കവേറ്റർ, മണ്ണുമാന്തികൾ എന്നിവ ഉപയോഗിച്ച് കുഴികളെടുത്ത്‌ അതിലേക്ക് വെള്ളം പമ്പുചെയ്താണ് പുക നിയന്ത്രണവിധേയമാക്കുന്നത്.

Comments are closed.