പൊന്നാനി : കടല്‍ പിളര്‍ന്ന കാഴ്ചകാണാന്‍ പൊന്നാനി അഴിമുഖത്ത് സഞ്ചാരികളുടെ തിരക്ക്. അപകടം പതിയിരിക്കുന്നതായി നാട്ടുകാര്‍. പ്രളയത്തെ തുടർന്ന് പൊന്നാനി കടലിൽ അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെടുകയും ഒന്നര കിലോമീറ്റര്‍ ദൂരം മണല്‍ തിട്ടയിലൂടെ കടലിന്റെ ഉള്ളിലേക്ക് നടന്നുപോകാന്‍ കഴിയുകയും ചെയ്യുന്ന പ്രതിഭാസം ഉണ്ടായത്. ഓഗസ്റ്റ് 16-നുണ്ടായ ശക്തമായ മഴയിൽ മലമ്പുഴ ഡാമും തമിഴ്‌നാട്ടിലെ ആളയാർ ഡാമും തുറന്നതോടെ വൻ മണൽശേഖരമാണ് ഭാരതപ്പുഴ വഴി ഒഴുകിയെത്തിയത്. കടലിൽനിന്നുള്ള വേലിയേറ്റവും ഭാരതപ്പുഴയിൽ നിന്നുള്ള പുഴയുടെ തള്ളിച്ചയും കാരണമാണ് പൊന്നാനി അഴിമുഖത്ത് ഈ മണൽട്ടത്തിട്ട ഉണ്ടായത്. കടൽ പിളർന്നെന്ന വ്യാജപ്രചാരണങ്ങള്‍ക്കുമപ്പുറം കടലിനകത്തെക്ക് സഞ്ചരിക്കാനും ആസ്വദിക്കാനും നൂറ് കണക്കിനാളുകളാണ് പൊന്നാനി കടലോരത്തെത്തുന്നത്. ഇന്നലെ സഞ്ചാരികളുടെ തിരക്കില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. പുതുതായി രൂപപ്പെട്ട മണൽത്തിട്ട കാണാനെത്തുന്നവർ ഇതിന് മുകളിലൂടെ സഞ്ചരിക്കുകയാണ്. ഏത് നിമിഷവും അപകടം സംഭവിക്കാവുന്നതാണ് ഈ സഞ്ചാരം. ചെറിയൊരു വേലിയേറ്റമുണ്ടായാൽ നേരേ കടലിലേക്കാകും ഒഴുകിപ്പോവുക. 2009-ൽ ഇതുപോലെ മണൽത്തിട്ട രൂപപ്പെട്ടപ്പോൾ കാണാൻ ധാരാളംപേരെത്തിയിരുന്നു. അന്ന് മണൽതിട്ടയ്ക്ക് മുകളിൽക്കൂടി സഞ്ചരിക്കവേ നാല് യുവാക്കൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഒരാൾ മുങ്ങിമരിക്കുകയും ചെയ്തു. കടലാണ്, ഏത് നിമിഷവും വേലിയേറ്റമുണ്ടാകാം. ഇവിടെ ഇറങ്ങരുതെന്ന് പൊന്നാനി സി.ഐ. സണ്ണി ചാക്കോയും മീൻപിടിത്ത തൊഴിലാളികളും മുന്നറിയിപ്പുനൽകുന്നു.