ചാവക്കാട്: പകര്‍ച്ചപ്പനി ബാധിച്ച് താലൂക്ക് ആസ്പത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ആസ്പത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ നഗരസഭ ഒരുങ്ങുന്നു. ഡോക്ടർ ഇതര ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമില്ല.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനാവുമോ എന്നാണ് നഗരസഭ പരിശോധിക്കുന്നത്. എന്നാല്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ക്ക് കാലതാമസം വരുമെന്ന സാഹചര്യത്തില്‍ നഗരസഭ ഫണ്ട് ഉപയോഗിച്ച് ഡോക്ടര്‍മാരെ നിയമിക്കാനാണ് നഗരസഭയുടെ തീരുമാനമെന്ന് ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പറഞ്ഞു. ഒ.പി. പരിശോധന സമയം കഴിഞ്ഞ് ഉച്ചകഴിഞ്ഞുള്ള സമയമായിരിക്കും ഈ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക. താലൂക്ക് ആസ്പത്രിയില്‍ ഒ.പി.വിഭാഗത്തില്‍ 800, -1000 രോഗികളാണ് മഴക്കാലം ആരംഭിച്ചതോടെ എത്തുന്നത്. ഉച്ച വരെയുള്ള ഒ.പി. വിഭാഗം സമയത്തില്‍ ഇത്രയും രോഗികളെ പരിശോധിക്കാനാവാത്തതിനാല്‍ നിലവില്‍ അത്യാഹിത വിഭാഗത്തിലും ഉച്ചക്ക് ശേഷം ഒ.പി.യിലെ പോലെ തിരക്കുണ്ട്. വിരമിച്ചതും എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പുള്ളവരുമായ ഡോക്ടര്‍മാരെയാണ് ഇതിന് നിയോഗിക്കുക. ഇത്തരത്തിലുള്ള ഡോക്ടര്‍മാരെ ഐ.എം.എ. വഴി കണ്ടെത്താന്‍ താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ഗീതയോട് ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. അതെ സമയം താലൂക്കാശുപത്രിയിൽ ആവശ്യമുള്ള ആശുപത്രി സൂപ്രണ്ട്, ഒഴിവുള്ള ആറ് നഴ്സുമാർ, സ്റ്റാഫ്, ഒന്നുവീതമുള്ള ഹെഡ് നഴ്സുമാരുടെ ഒഴിവ്, ഗ്രേഡ് ജീവനക്കാരുടെ ഒഴിവ് എന്നിവയിൽ നഗരസഭാ അധികൃതരിൽ നിന്ന് പ്രത്യേക നടപടിയുള്ളതായി സൂചനയില്ല. ആശുപത്രി സൂപ്രണ്ട് സ്ഥലം മാറിപ്പോയിട്ട് മൂന്ന് മാസത്തോളമായി. പകരം ഗൈനക്കോളജിസ്റ്റ് ഡോ.ഗീതക്കാണ് ചാർജ്. ജില്ലയിൽ കൂടുതൽ പ്രസവം നടക്കുന്ന ചാവക്കാട് താലൂക്കാശുപത്രിയിൽ മതിയായ ഗൈനക്കോളജിസ്റ്റില്ലാത്തപ്പോഴാണ് ഉള്ളയാൾക്ക് സൂപ്രണ്ടിൻറെ അധിക ചുമതല. മീറ്റിങ്ങുകളും മറ്റുമായി സൂപ്രണ്ടിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ ഗർഭിണികൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.