നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കാനയിലേക്ക് – ദുരിതം പേറുന്നത് വ്യാപാരികളും കാല്‍നടയാത്രക്കാരും കനോലികനാലും
ചാവക്കാട്: നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കാനയിലേക്ക്. കാനയില്‍ മാലിന്യം കെട്ടിക്കിടന്ന്‍ ദുര്‍ഗന്ധം ഉയരുന്നു. വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്ന നടപടി കനോലികനാലിന് ഭീഷണിയുയര്‍ത്തുന്നു.
ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിനും താലൂക്ക് ഓഫീസിനും സമീപത്തെ വ്യാപാര സമുച്ചയങ്ങളിലെ കക്കൂസുകളില്‍നിന്നുള്ള മാലിന്യമാണ് റോഡ് വക്കിലെ കാനയിലേക്ക് പൈപ്പ് സ്ഥാപിച്ച് തള്ളി വിടുന്നത്. മാലിന്യം കാനയില്‍ നിന്നൊഴുകാതെ കെട്ടിനില്‍ക്കുന്നത് വ്യാപാരികള്‍ക്കും കാനക്കുമുകളിലൂടെ നടക്കുന്ന യാത്രക്കാര്‍ക്കും ദുരിതമാകുകയാണ്. നഗരസഭാ കെട്ടിടട നിര്‍മ്മാണ നിയമമനുസരിച്ച് മാലിന്യം സംസ്ക്കരിക്കാനുള്ള സ്ഥലമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിന് സൗകര്യമൊരുക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. എന്നാല്‍ നഗരത്തില്‍ പല കെട്ടിടങ്ങളും കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് മഴവെള്ളം ഒഴികിപ്പോകുന്നതിനു മാത്രമായി നിര്‍മിച്ച കാനകളിലേക്കാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന നഗരസഭാ അധികൃതര്‍ കെട്ടിട ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണെന്നും ആക്ഷേപമുണ്ട്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നതും സമീപത്തെ കാനകളിലേക്കാണ്. വേനലില്‍ കാനകളില്‍ കെട്ടി നിന്ന് ദുര്‍ഗന്ധമുണ്ടാക്കുന്ന മാലിന്യം മഴക്കാലമായാല്‍ ഒഴുകിപ്പോകുന്നത് കനോലി കനാലിലേക്കാണ്.
Comments are closed.