ചാവക്കാട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് ദിവസങ്ങളായി തുടര്‍ന്നിട്ടും അധിക്യതര്‍ക്ക് അനക്കമില്ല. മണത്തല മടേകടവിലാണ് ഏതാനും ദിവസമായി പൈപ്പ്‌ലെയിന്‍ പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത്. ഭൂമിക്കടിയില്‍ നിന്നും ടാപ്പിലേക്കു ബന്ധപ്പെടുത്തിയിട്ടുള്ള പൈപ്പ് പൊട്ടിയാണ് ജലം പാഴാകുന്നത്. അര ഇഞ്ചിന്റെ ജോയന്റ് മാറ്റിയിട്ടാല്‍ തീരുന്ന പണിക്കാണ് ദിവസങ്ങളോളമായി വെള്ളം പാഴാക്കി കളയുന്നത്.
ഇരുപത് രൂപാ ചിലവില്‍ പതിനഞ്ചു മിനിട്ടുസമയം കൊണ്ടു തീര്‍ക്കാവുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ളം കിട്ടാതെ പല ഇടങ്ങളിലും ജനം നെട്ടോട്ടമോടുംപോഴാണ് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കാതെ കുടിവെള്ളം റോഡിലോഴുക്കി കളയുന്നത്. കടപ്പുറം പഞ്ചായത്തിലെ അഴിമുഖം വരെ ഈ ലെയിനിലൂടെയാണ് ജലവിതരണം നടത്തുന്നത്. കുടിവെള്ളത്തിനു ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന പ്രദേശങ്ങളായ തൊട്ടാപ്പ്, കടപ്പുറം, മുനക്കകടവ്, ഇരട്ടപുഴ, കോളനിപടി എന്നിവിടങ്ങളിലേക്കം ഈ ലെയിനിലൂടെയാണ് കുടിവെള്ളം എത്തുന്നത്. രണ്ടു ദിവസങ്ങളായി മടേകടവില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ജല ലഭ്യത കുറഞ്ഞിട്ടുണ്ട്.