Header

കൃഷ്ണനും ക്രിസ്തുവും മുഹമ്മദ്‌ നബിയും കണ്ടുമുട്ടുകിൽ എന്തുകൊടുക്കും.. പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം കൊടുക്കും..

കൃഷ്ണനും ക്രിസ്തുവും മുഹമ്മദ്‌ നബിയും കണ്ടുമുട്ടുകിൽ എന്തുകൊടുക്കും.. പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം കൊടുക്കും.. Post by Bhaskaran – FB അല്ല ഇത് ഭാസ്കരേട്ടന്റെ സ്വന്തം SB

ചാവക്കാട് അരിയങ്ങാടിയിലെ ഭാസ്കരേട്ടന്റെ കടയിൽ അരിവാങ്ങാൻ കയറിയാൽ കുറെ അറിവും കൊണ്ട് വരാം. സാധനങ്ങൾ പൊതിഞ്ഞെടുക്കുവോളം വായിക്കാനും ചിന്തിക്കാനും ഭാസ്കരേട്ടന്റെ പോസ്റ്റുകൾ ഉണ്ട് അദ്ദേഹത്തിന്റെ സ്വന്തം എസ് ബി വാളിൽ. ലൈക്, കമ്മന്റ് ഷെയർ ഓപ്‌ഷൻസ് ഇല്ല. എങ്കിലും റീച്ചിന് ഒരു കുറവും ഇല്ല.

ന്യൂ ജൻ എഫ്ബി യിൽ കുറിക്കുമ്പോൾ ഭാസ്കരേട്ടൻ തന്റെ ചിന്തകളും ആശയങ്ങളും സ്വന്തം എസ് ബി വാളിൽ പോസ്റ്റും. അദ്ദേഹത്തിന്റെ കസേരക്ക് പുറകിൽ പ്രത്യേകം തയ്യാറാക്കിയ ചുമരാണ് കഥയും കവിതയും ഒട്ടിച്ചുവെച്ച ‘ഷോപ്പ് ഭാസ്കർ’ വാൾ (എസ് ബി വാൾ ).

ഇപ്പോൾ മല്ലാട് താമസക്കാരനായ ഭാസ്കരേട്ടൻ കഴിഞ്ഞ 50 വർഷമായി അരിയങ്ങാടിയിലുണ്ട്.

കടയിൽ വരുന്ന ആളുകൾ കാണിക്കുന്ന തിക്കും തിരക്കും അക്ഷമയും മാറ്റാൻ എന്തുണ്ട് വഴി എന്നാലോചിച്ചിരിക്കുമ്പോഴാണ് ഭാസ്കരേട്ടന് ഒരു ചെറിയ വിദ്യ തോന്നിയത്. ആളുകളുടെ ശ്രദ്ധ തിരിക്കാൻ കടയുടെ ചുമരിൽ കവിതയെഴുതിയാലോ?
സഹോദരങ്ങൾ നിർബന്ധിച്ചപ്പോൾ ഒരിക്കൽ കവിത എഴിതിയിട്ടുമുണ്ട്. രണ്ടും കല്പിച്ച് എഴുതാൻ തുടങ്ങി, സംഗതി ക്ലിക്കായെന്നു മാത്രമല്ല ആളുകൾ ഈ കവിതകൾ വായിക്കാൻ വേണ്ടി വരലും പതിവായി.

പിന്നീട് ഭാസ്കരേട്ടൻ അതിനെ തന്റെ എസ് ബി വാൾ ആക്കി. സമൂഹത്തോട് സംവദിക്കാനുള്ളതെല്ലാം ഭാസ്കരേട്ടൻ ഇവിടെ എഴുതും. മത സൗഹാർദം, സ്നേഹം, ജൈവ ഭക്ഷണം, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം. രാഷ്ട്രീയ പാർട്ടികളുടെ കോടികളിൽ ചോര പുരളരുത് എന്നിവയാണ് വാളിലെ ഹൈലൈറ്റ്. കോറോണയും പ്രകൃതിയും എന്തിനു ലോട്ടറി കച്ചവടക്കാരിയും പോലീസും തമ്മിൽ നടന്ന ചെറിയ സംസാരം പോലും ചുമരിൽ പതിഞ്ഞു.

കടയിൽ സഞ്ചിയുമായി വരുന്നവർക്ക് ചെറിയ സമ്മാനങ്ങൾ നൽകി പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറക്കാൻ തന്നാലാവുന്നത് ചെയ്യുന്നുണ്ട് നമ്മുടെ ഭാസ്കരേട്ടൻ.

ആറുവർഷം മുൻപാണ് ഭാസ്കരേട്ടൻ ചുമര് തന്റെ സോഷ്യൽ വാൾ ആക്കിയത്. ഇതിനോടകം നൂറിലധികം കവിതകൾ തന്റെ ചുമരിൽ ഭാസ്കരേട്ടൻ പതിച്ചിട്ടുണ്ട്. തൂവൽ സ്പർശം എന്ന കവിതാസമാഹാരം ഇതിനകം പ്രസിദ്ധീകരിച്ചു. അടുത്ത കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ്.

മുഖാമുഖം സംസാരിക്കാൻ വിമുഖത കാണിക്കുന്ന ആളുകൾക്കിടയിൽ ഭാസ്കരേട്ടനും ഭാസ്കരേട്ടന്റെ ചുമരും മാസാണ്.

” ഒന്നു ചിരിച്ച മുഖത്തെ കാണ്മാൻ
എത്ര ശ്രമിച്ചാലും പറ്റുകില്ല
കൊതിച്ചു ഞാൻ കാത്തിരിപ്പൂ
കരയുകയാണോ ചിരിക്കയാണോ
എങ്ങിനെ നമ്മളും വിശ്വസിക്കും
കൊറോണ നമ്മളെ ചതിച്ചതല്ലേ
എന്നു മാറ്റിടുമീ മുഖാവരണം
എന്നു കാണും ഈ മുഖപ്രസാദം
ദുഃഖങ്ങൾ മാറ്റാൻ ചിരിച്ചിടണം
എന്നു പറഞ്ഞവരല്ലേ നമ്മൾ
നമ്മളെ രക്ഷിച്ച ഈ മുഖാവരണം
എങ്ങിനെ നമ്മൾ വലിച്ചെറിയും”
( ഭാസ്കരൻ )

thahani steels

Comments are closed.