തിരഞ്ഞെടുപ്പിന് മുന്നേ വിക്കറ്റ് തെറിച്ചു – ചാവക്കാട് വാർഡ് 7 ൽ യു ഡി എഫിന് സ്ഥാനാർഥിയില്ല

ചാവക്കാട്: നഗരസഭയിലെ 33 വാർഡുകളിൽ യുഡിഎഫി ന് 32 സ്ഥാനാർഥികൾ മാത്രം. ചാവക്കാട് നഗരസഭ ഏഴാം വാർഡിൽ യു ഡിഎഫ് ന് സ്ഥാനാർത്ഥി ഇല്ല. ഔദ്യോഗിക സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ രജിത സ്ഥാനാർഥിത്വം പിൻവലിച്ചതിനെ തുടർന്ന് വെട്ടിലായ യു ഡി എഫ് നേതൃത്വം റിബലുകളിൽ ആരെ പിന്തുണക്കണമെന്നതിൽ തീരുമാനമായില്ല. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥികളായി നാമനിർദേശ പത്രിക നൽകിയ ബേബി ഫ്രാൻസിസിനും ഷോബി ഫ്രാൻസിസിനും ഔദ്യോഗിക പിന്തുണ തീരുമാനിച്ചില്ലെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു.

ചാവക്കാട് നഗരസഭ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ വി സത്താർ അറിയിച്ചത് പ്രകാരം വാർഡ് 7 ൽ യു ഡി എഫ് സ്ഥാനാർഥി ബേബി ഫ്രാൻസിസ് തന്നെ എന്ന് ചാവക്കാട് ഓൺലൈൻ വാർത്ത നൽകിയിരുന്നു. വാർത്ത വിവാദമായതിനെ തുടർന്ന് ആ അറിയിപ്പ് തനിക്ക് പറ്റിയ തെറ്റാണെന്ന് കെ വി സത്താർ ചാവക്കാട് ഓൺലൈൻ ലേഖകനെ അറിയിച്ചു.
നിലവിലെ വാർഡ് 8 ലെ കൗൺസിലറാണ് ബേബി ഫ്രാൻസിസ്. കഴിഞ്ഞതവണ ബേബി ഫ്രാൻസിസിനെതിരെ മത്സരിച്ച കോണ്ഗ്രസ് പ്രവർത്തക ഷോബി ഫ്രാൻസിസ് ഇത്തവണയും രംഗത്തുണ്ട്. കഴിഞ്ഞ തവണ ബേബി ഫ്രാൻസിസിനെതിരെ 117 വോട്ട് നേടിയിരുന്നു ഷോബി ഫ്രാൻസിസ്.
തിരഞ്ഞെടുപ്പ് ദിവസം അടുത്തെത്തിയിട്ടും ഇലക്ഷൻ പ്രഖ്യാപനത്തോടെ ആരംഭിച്ച ഗ്രൂപ്പ് പോരിന് കോൺഗ്രസ്സിൽ പരിഹാരമായില്ല.

Comments are closed.