താലൂക്ക് ഓഫീസിനു മുന്നിലെ വ്യാപാരസമുച്ചയത്തില്‍ നിന്നുള്ള മാലിന്യം അനധികൃതമായി പൈപ്പിട്ട് കാനയിലേക്ക് തള്ളുന്നത് നഗരസഭാ ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

താലൂക്ക് ഓഫീസിനു മുന്നിലെ വ്യാപാരസമുച്ചയത്തില്‍ നിന്നുള്ള മാലിന്യം അനധികൃതമായി പൈപ്പിട്ട് കാനയിലേക്ക് തള്ളുന്നത് നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

ചാവക്കാട്: നഗരത്തിലെ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ജനത്തിരക്കേറിയ റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു.
ചാവക്കാട് നഗരസഭ, താലൂക്ക് ഓഫീസ് എന്നിവക്ക് സമീപം പ്രമുഖ ജ്വല്ലറിയും തുണിക്കടയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം തള്ളുന്നതാണ് നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരത്തെി പരിശോധിച്ചത്. ഇത് സംബന്ധമായി വ്യാഴാഴ്ച്ച ചാവക്കാട് ഓണ്‍ലൈന്‍ വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതരുടെ പരിശോധന. മാലിന്യം തള്ളുന്ന പൈപ്പ് ഉദ്യാഗസ്ഥര്‍ തന്നെ പ്ലാസ്റ്റിക് ചാക്കും മറ്റും കുത്തിക്കയറ്റി പൂട്ടിയിട്ടു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള മാലിന്യമാണ് ഇവിടേക്ക് തള്ളുന്നതെന്ന് ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. കാനയിലേക്ക് തള്ളുന്ന മാലിന്യം കെട്ടിനില്‍ക്കുന്നത് കാരണം സമീപത്ത് പ്രവര്‍ത്തിക്കുന്ന ആയൂര്‍വേദ മരുന്നു വില്‍പ്പനക്കടയിലത്തെുന്നവര്‍ക്കും വഴിയാത്രികര്‍ക്കും പ്രയാസമുണ്ടാക്കിയിരുന്നു. അനധികൃതമായി പൈപ്പ് സ്ഥാപിച്ച് കാനയിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ വിശദീകരണമാവാശ്യപ്പെട്ട് തിങ്കളാഴ്ച്ച കെട്ടിട ഉടമസ്ഥന് നോട്ടീസയക്കാനും തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോട്ടീസയച്ച് ഏഴു ദിവസം കാത്തിരിക്കേണ്ടി വരുന്നതിനാലാണ് നോട്ടിസിനുമുമ്പേ പൈപ്പ് പൂട്ടിയിട്ടതെന്നും അവര്‍ പറഞ്ഞു. നഗരത്തില്‍ വിവിധ കെട്ടിടത്തില്‍ നിന്ന് ഇത്തരത്തില്‍ കാനകളിലേക്ക് അനധികൃതമായി മാലിന്യം തള്ളുന്നുണ്ടോയെന്നകാര്യം അടുത്ത ദിവസങ്ങളിലായി പരിശോധിക്കും. നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ സി.പി ബഷീര്‍, ടി.കെ മനോജ്, ജെ.എച്ച്.ഐമാരായ സി.യു മനോജ്കുമാര്‍, കൈലാസ് നാഥ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.