ചാവക്കാട് : ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്ന 25 ബോട്ടുകള്‍ മുനയ്ക്കക്കടവ് ഹാര്‍ബറിലെത്തി. ബുധനാഴ്ച വൈകീട്ടോടെയാണ് ബോട്ടുകള്‍ ഹാര്‍ബറിലെത്തിയത്. മുനയ്ക്കകടവ് തീരദേശ പോലീസ് എസ്.ഐ. പോള്‍സന്റെ നേതൃത്വത്തില്‍ ബോട്ടുകളിലെത്തിയ തിരച്ചില്‍സംഘത്തെ സ്വാഗതം ചെയ്തു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന തിരച്ചില്‍സംഘത്തിലെ ബോട്ടുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം മത്സ്യത്തൊഴിലാളികളുടേതാണ്. 35 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ വരെ ദൂരപരിധിയിലാണ് കടല്‍ അരിച്ചുപെറുക്കി സംഘം തിരച്ചില്‍ നടത്തിയത്. 26 ബോട്ടുകളാണുണ്ടായിരുന്നതെങ്കിലും ഒരെണ്ണം തകരാറിലായതിനെത്തുടര്‍ന്ന് കൊച്ചിയില്‍ അടുപ്പിച്ചു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേതിലൊഴികെ മറ്റു ബോട്ടുകളിലെല്ലാം മത്സ്യത്തൊഴിലാളികളാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. വ്യാഴാഴ്ച ഇവര്‍ കൊല്ലത്തേക്ക് മടങ്ങുമെന്നറിയുന്നു. മടക്കയാത്രയില്‍ കടലില്‍ തിരച്ചില്‍ നടത്താത്ത മറ്റു ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ബോട്ടുകള്‍ സഞ്ചരിക്കുകയെന്ന് തീരദേശ പോലീസ് പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍, ലത്തീന്‍സഭ, ബോട്ടുടമകള്‍ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് 18 മുതല്‍ 22 വരെ 200 സ്വകാര്യ മത്സ്യബന്ധനബോട്ടുകള്‍ ഉപയോഗിച്ച് കടല്‍ അരിച്ചുപെറുക്കിയുള്ള തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. കൊല്ലംമുതല്‍ ഗോവവരെ അഞ്ചു മേഖലകളായിത്തിരിച്ചാണ് തിരച്ചില്‍ നടത്തിയത്. ഇതില്‍ കൊല്ലംമുതല്‍ ചേറ്റുവവരെ തിരച്ചില്‍ നടത്തുന്ന സംഘമാണ് മുനയ്ക്കക്കടവ് ഹാര്‍ബറിലെത്തിയത്.