പുന്നയൂർക്കുളം: വേനലിലെ കടുത്ത വരള്‍ച്ചയില്‍ നെട്ടോട്ടമോടുന്ന തീരദേശ നിവാസികളുടെ ദാഹം തീര്‍ക്കാന്‍ നൂറടി തോടിനാകുമെന്ന് കര്‍ഷകന്‍റെ പഠനം. കുന്നംകുളം വെട്ടിക്കടവ് മുതല്‍ പൊന്നാനി ബീയ്യം വരെ പന്ത്രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന നൂറടി തോടില്‍ കുംഭത്തിലെ കൊടും വേനലിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഗുരുവായൂർ ചാവക്കാട് നഗരസഭകൾക്കു പുറമെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിലും വേനൽക്കാലത്ത് നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനുള്ള ജലം നൂറടി തോടിനുണ്ടെന്നാണ് പരൂർ കോൾപടവ് കർഷകസമിതി പ്രസിഡണ്ട് കെ.പി ഷക്കീര്‍ തന്‍റെ പദ്ധതിയിലൂടെ സ്ഥാപിക്കുന്നത്.
നൂറടി തോടിലെ പാഴായി പോകുന്ന ജലം ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാൽ മേൽപറഞ്ഞ പഞ്ചായത്തുകളിലും നഗരസഭകളിലും കുടിവെള്ളം മാത്രമല്ല കുട്ടാടൻ പാടശേഖരത്തിലെ കൃഷിക്കും യഥേഷ്ടം വെള്ളം ലഭിക്കുമെന്നാണ് പദ്ധതിയുടെ ഗുണം. പൊന്നാനി തൃശൂർ കോൾപടവിലുൾപ്പെടുന്ന പരൂർ കോൾപടവിലെ കൃഷിക്ക് സമൃദ്ധമായി വെള്ളം ലഭിക്കുന്നത് പാടത്തിന്‍റെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന നൂറടിതോടിൽ നിന്നാണ്. പാടത്തിനു സമീപമുള്ള പതിനായിരത്തിലേറെ കുടുംബങ്ങളുടെ ദാഹജല സ്രോതസ്സാണ് ഈ തോട്.
ഉപ്പുങ്ങൽ പാലത്തിനു സമീപം ഇപ്പോഴും തോട്ടില്‍ വെള്ളം നിറഞ്ഞു നിൽക്കുന്നത് അഞ്ച് അടിയോളം ഉയരത്തിലാണ്. നൂറടി തോട് കടന്നുപോകുന്ന മേഖലയിലെ ഇരുപത്തി അയ്യായ്യിരം ഏക്കര്‍ കരഭൂമിയെ നനയ്ക്കുന്നതിനുള്ള ഭൂഗര്‍ഭജലം തോട് നല്‍കുന്നുണ്ടെന്നാണ് കണക്ക്.
പലപ്പോഴും ബിയം കായലിലെത്തി പൊന്നാനിയിലൂടെ അറബിക്കടലിലേക്കാണ് നൂറടി തോടിലെ വെള്ളം ഒഴുകി പ്പോകുന്നത്. ഇങ്ങിനെ പാഴായിപ്പോകുന്ന വെള്ളം വഴി മാറ്റി വിടണമെന്നാണ് ഷക്കീറിന്‍റെ നിർദ്ദേശം. തെക്ക് പടിഞ്ഞാറൻ ഭൂപ്രദേശം നൂറടി തോട് ഉൾപ്പെടുന്ന ഭാഗത്തേക്കാൾ അൽപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്വാഭാവിക ഒഴുക്ക് വടക്കോട്ടാണ്. എന്നാല്‍ രണ്ട് മാസം മുമ്പ് ഉപ്പുങ്ങൽ പാലത്തിനു സമീപം ബണ്ട് പൊട്ടി പാടത്ത് വെള്ളം കയറിയപ്പോൾ നൂറടി തോട്ടിലേക്ക് പമ്പ് ചെയ്യുന്നതിനു പകരം താൻ കൃഷി ചെയ്ത കപ്ലേങ്ങാട് ഭാഗത്ത് നിന്ന് ഷക്കീർ വെള്ളമടിച്ചു കളഞ്ഞത് മുകൾ ഭാഗത്തെ പാടത്തേക്കായിരുന്നു. മേഖലയിലെ പല കുടിവെള്ള സ്രോതസുകളിലും ഇതോടെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം പ്രകടമായത് ഷക്കീറിന്‍റെ ശ്രദ്ധയില്‍ പെട്ടു. ഈ രീതിയിൽ നൂറടി തോടിൽ നിന്നുള്ള വെള്ളം മറ്റ് പ്രദേശത്തേക്കും എത്തിക്കാനായാൽ ഇപ്പോഴത്തെ പ്രതി സന്ധി കുറക്കാനാകുമെന്നാണ് ഷക്കീറിന്‍റെ വിദഗ്ദ്ധാഭിപ്രായം. കുട്ടാടൻ പാടത്ത് വെള്ളം എത്താൻ ആൽത്തറ പുഴിക്കള ഭാഗത്ത് മുമ്പ് ചെറു തോടുകളുമായി ബന്ധിപ്പിച്ചരുന്നത് ഇപ്പോഴില്ല. തൊഴിയൂർ എം.ഐ.സി കോളജ് മേഖലയിലൂടെയും തോട്ടിലെ വെള്ളം അധികം ചെലവില്ലാതെ കുട്ടാടൻ പാടത്തേക്ക് വിടാനാകുമെന്ന് ഷക്കീറിന്‍റെ കൂടെ ഉണ്ടായിരുന്ന പഴയ കർഷകൻ പണ്ടാര പറമ്പിൽ മോഹനനും ചൂണ്ടിക്കാട്ടുന്നു. കുട്ടാടൻ പാട വികസനത്തിന് പതിനഞ്ച് കോടിയോളം രൂപ അനുമതിയായതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ആവശ്യമായ ജലം ലഭ്യമാക്കാൻ ഈ വഴി ഉപയോഗിക്കാവുന്നതേയുള്ളു. അതിനുള്ള സാധ്യതാ പഠനമെങ്കിലും നടത്തണമെന്നാണ് ഷക്കീറിന്‍റെ ആവശ്യം.
പൊന്നാനിയിൽ നിന്ന് പുഴ വഴി ഉപ്പ് ജലം കയറാതിരിക്കാനും ആവശ്യത്തിൽ കൂടുതൽ വെള്ളം നിറയുന്നത് ഒഴുക്കിവിടാനും ജലം സംഭരിച്ച് നിർത്താനുമായി ബിയ്യം കായലിൽ റഗുലേറ്റർ സ്ഥാപിച്ചുണ്ട്. സംഭരണിയില്‍ ജല നിരപ്പ് ഉയരുമ്പോള്‍ കടലിലേക്ക് പൊകാതെ പൊന്നാനി കോൾ മേഖലയിലെ ഒതളൂര്‍, ബീയ്യം, കാഞ്ഞിരമുക്ക്, പന്താവൂര്‍, വട്ടിശ്ശേരി എന്നീ സംഭരണിളിലേക്കാണ് വെള്ളം തിരിച്ചു വിടുന്നത്. ഈ രീതിയിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട്, ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കും ചാവക്കാട് ഗുരുവായൂർ നഗരസഭകളിലേക്കും ജലം ഉപയോഗപ്പെടുത്തവുന്ന പദ്ധതിയാണ് വേണ്ടത്. അതിനായി വടക്കേക്കാട് പഞ്ചായത്തിലെ പാലക്കുഴി ഭാഗത്ത് ഒരു ചീർപ്പ് സ്ഥാപിച്ച് ഇരുപത് കുതിര ശക്തിയുള്ള എൻജിൻ വെച്ച് വെള്ളം പമ്പ് ചെയ്യാവുന്ന സ്ഥിരം സംവിധാനം വേണമെന്നാണ് ഷക്കീര്‍ പറയുന്നത്.
നൂറടി തോട് നവീകരിക്കാനുള്ള പല ശ്രമങ്ങളും സർക്കാർ നടത്തി വരുന്നുണ്ട്. തോടിന്‍റെ നവീകരണത്തിനായി കോടികളാണ് സർക്കാർ ചെലവിടുന്നത്.
കടലിലേക്ക് ഒഴുകി പാഴാവുന്ന വെള്ളം കനോലി കനാലിലേക്ക് ഒഴുക്കി വിട്ടാൽ കനാലിലെ ഉപ്പ് ജലം ഒഴിവായി ആ മേഖലയിലെ ജല സ്രോതസുകളിലും ശുദ്ധജലം ലഭിക്കും.
മുഴുവൻ സമയം കർഷകനായ ഷക്കീറിന് പല കൂട്ടായ്മകളിലുമായി നിരവധിയിടങ്ങളിൽ നെൽകൃഷിയുണ്ട്. പാടത്ത് അതിരാവിലെ എത്തി വൈകിട്ട് മാത്രമാണ് തിരിച്ച് പോക്ക്. തന്‍റെ അഭിപ്രായം പുതിയതല്ലെന്നും മുമ്പുണ്ടായിരുന്നതാണെന്നും അത് പുനസ്ഥാപിക്കാനാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ : കെ.പി ഷക്കീർ ഉപ്പുങ്ങൽ പരൂർ കോൾ പാടത്ത്