ചാവക്കാട്:  16 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല ദ്വാരക ബീച്ചിന് സമീപം  ആലുങ്ങല്‍ അനീഷി(25)നെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. സംഭവത്തെ കുറിച്ച് ജൂലൈ 13-നാണ്  പെകുട്ടി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രതി ഒളിവില്‍ പോയതിനാല്‍ അറസ്റ്റു ചെയ്യാനായില്ല. സംഭവത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കടലോരമേഖലയിലേക്കാണ് ഇയാള്‍ ഒളിവില്‍ പോയത്. പ്രതിക്കുവേണ്ടി പോലീസ് അവിടെ യെത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് ഒറ്റപ്പാലം, ചേലക്കര, വെളിയങ്കോട് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ഒളിവില്‍ താമസിച്ചു. ഇവിടെയൊക്കെ പോലീസ് സംഘം അന്വേഷണത്തിനെത്തിയെങ്കിലും പോലീസിന്റെ സാനിധ്യം മനസിലാക്കിയ പ്രതി മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയ അനീഷിനെ പോലീസ് തന്ത്രപരമായി കൂടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിനെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഐ. എം.കെ.രമേഷ്,  എ.എസ്.ഐ. അനില്‍ മാത്യു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.