ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ ഫ്രാൻസിസ്കൻ അത്മായസഭയുടെ സുവർണ ജൂബിലിയാഘോത്തിൻറെ ഭാഗമായി  പച്ചക്കറിത്തോട്ട പരിപാലന മത്സരം നടത്തുന്നു. ഇടവകാതിർത്തിയിലെ എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തിയാണ് മത്സരം. ഇതിൻറെ ഭാഗമായി സംഘടിപ്പിച്ച കർഷക സെമിനാർ വികാരി ഫാ. ജോസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സീഡ് ഡവലപ്പ്മെൻറ് ഓഫിസർ സി.സോമസുന്ദരൻ പുതിയകൃഷിരീതികൾ, ജൈവവളം തയ്യാറാക്കൽ, ജൈവ കീടനാശിനി, ആധുനിക രീതിയിലുള്ള ജലസേചനം എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു. ജനറൽ കൺവീനർ പി ഐ സൈമൺ, പരിസ്ഥിതി കമ്മിറ്റി ചെയർമാൻ പി ഐ വർഗീസ് എന്നിവർ പ്രസംഗിച്ചു.