ഗുരുവായൂര്‍: കേരളത്തെ ജീവിത സാധ്യമായ നാടാക്കി മാറ്റിയത് ഇ എം എസ്സിന്റേയും എ കെ ജിയുടേയും പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമാണെന്ന് സുരേഷ് കുറുപ്പ് എം എല്‍ എ പറഞ്ഞു. ഇ എം എസ് എ കെ ജി ദിനാചരണതിന്റെ ഭാഗമായി ഗുരുവായൂര്‍ കിഴക്കെനടയില്‍ ബുധനഴ്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ വര്‍ഗ്ഗീയ ഫാസിസം പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ മതനിരപേക്ഷതയുടെ തുരുത്തായി കേരളം നിലനില്‍ക്കുന്നത് കമ്യൂണിസ്റ്റ് കാരുടെ പോരാട്ടങ്ങളാലാണ്. ഇത് തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്കായില്ലെങ്കില്‍ വര്‍ഗ്ഗീയതയുടെ കൂത്തരങ്ങായി കേരളവും മാറും. അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തേയും കമ്യൂണിസത്തേയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ അധ്യക്ഷാനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബാബു എം പാലിശ്ശേരി, ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേര്‍സണ്‍ പ്രൊഫ.പി കെ ശാന്തകുമാരി, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, എ എച്ച് അക്ബര്‍, ഷീജ പ്രശാന്ത്, എം സി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.