പുന്നയൂർക്കുളം: തീരദേശ മേഖലയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിന് പുന്നയൂർക്കുളം പഞ്ചായത്തിൽ അക്ഷര സാഗരം പദ്ധതിക്ക് തുടക്കമായി. പ്രശസ്ത സാഹിത്യകാരിയും പ്രൊഫ. ഹൃദയകുമാരി സ്മാരക അവാർഡ് ജേതാവുമായ ദേവുട്ടി ഗുരുവായൂർ അക്ഷര ദിപം തെളിയിച്ച് പഠിതാക്കളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തിലാണ് അക്ഷര സാഗരം പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ മേഖലയിലുള്ള 15, 16, 17 വാർഡുകളിൽ സർവ്വേ നടത്തി അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി അതാത് വാർഡുകളിലെ പoന കേന്ദ്രങ്ങളിൽ എത്തിക്കും. മൂന്ന് മാസം നീളുന്ന പoന പരിശീലനത്തിലൂടെ അക്ഷരങ്ങളും അക്കങ്ങളും പഠിതാക്കളെ പരിജയപ്പെടുത്തി എഴുതാനും വായിക്കാനും ക്രിയ്യ ചെയ്യാനും പ്രാപ്തരാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
കുമാരൻപടി നീർമാതളം പoന കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി.ധനിപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി നൗഷാദ് പഠനോപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു. സാക്ഷരതാ പ്രേരക് പി ഐ ബിജോയ്, ബ്ലോക്ക്തല നോഡൽ പ്രേരക്മാരായ എം ഗീത, കെ കെ കനകവല്ലി, സി ഡി എസ് അംഗം എൻ വി ബിന്ദു, സാക്ഷരത ടീച്ചർ ദിവ്യ സുജിത്ത്, ആശാ വർക്കർ കെ എം ഗീത തുടങ്ങിയവർ സംസാരിച്ചു.