ചാവക്കാട് : പ്രകടനത്തിനിടെ മതവിദ്വേഷം ഉയര്‍ത്തുന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ആര്‍.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര സ്വദേശികളായ കേരന്‍റകത്ത് മെഹറൂഫ്(19), പാണ്ടികശാല പറമ്പില്‍ അയൂബ്(43), തൊണ്ടന്‍കേരന്‍ ഹംസകോയ(30) എന്നിവരെയാണ് ചാവക്കാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷിന്‍റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50-ലേറെ പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകാശ്മീരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും അമ്പലത്തിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി ഒരു വിഭാഗം തിരുവത്രയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവമെന്നാണ് പരാതി. ഫളക്സ് ബോര്‍ഡ് നശിപ്പിച്ചത് ചോദ്യം ചെയ്ത വാലിപറമ്പില്‍ സുനില്‍കുമാര്‍(48) എന്നയാളുടെ കൈ പ്രകടനക്കാര്‍ പിടിച്ചു തിരിച്ചെന്നും പരാതിയിൽ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.