ചാവക്കാട് : കാജാ കമ്പനി ഹെഡ് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കാന്‍ ബീഡി വര്‍ക്കേഴ്സ് യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി (സി ഐ ടി യു) തീരുമാനിച്ചു. ബീഡി തെറുപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന കമ്പനി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം പതിനേഴിനാണ് മാര്‍ച്ച്, കാജാ ബീഡി കമ്പനികളുടെ ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുന്ന നടപടിയില്‍ നിന്ന് മാനേജ്മെന്‍റ് പിന്തിരിയണമെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കമ്പനിയുടെ എരുമപ്പെട്ടി ബ്രാഞ്ച് അടച്ചു പൂട്ടിയെന്നും, ഗുരുവായൂര്‍ തൈക്കാട് ബ്രാഞ്ച് പതിനാലാം തിയതി അടച്ചു പൂട്ടാന്‍ ഒരുങ്ങുകയാണെന്നും ശേഷിക്കുന്ന ബ്രാഞ്ചുകള്‍ അടുത്ത് തന്നെ അടച്ചു പൂട്ടാനാണ് കാജാ കമ്പനി അധികൃതരുടെ തീരുമാനമെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇവിടെയുള്ള തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ നിര്‍ബന്ധ പൂര്‍വ്വം പിരിച്ചുവിടുകയാണ്. വ്യവസായ പ്രതിസന്ധിയുടെ പേരില്‍ തൊഴില്‍ നിഷേധിക്കുന്നത് കടുത്ത ജനദ്രോഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു തൊഴില്‍ വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി .
എം വി താഹിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ വി പീതാംബരന്‍, എന്‍ കെ അക്ബര്‍, യു കെ മണി, കെ എച്ച് സലാം, കെ എം അലി എന്നിവര്‍ സംസാരിച്ചു.