ലിജിത്ത് തരകന്‍
ഗുരുവായൂര്‍: പുലരുമ്പോഴും സന്ധ്യക്കും ചാവക്കാട് സ്‌കൂള്‍ ഗ്രൗണ്ട് കാല്‍പ്പന്തുകളുമായി കീഴടക്കുന്ന ഒരു കൂട്ടം കുട്ടികള്‍. ചാവക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ ഈ പന്തുതട്ടല്‍ വെറും കുട്ടിക്കളിയല്ല. രാജ്യത്തിന്റെ ജഴ്‌സിയണിയുന്ന ഒരു നാളെ സ്വപ്‌നം കണ്ടാണിവര്‍ ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്ക് (ജി.എസ്.എ) കീഴില്‍ ഇവര്‍ ഫുട്ബാള്‍ പരിശീലിക്കുന്നത്. അക്കാദമി രൂപവത്ക്കരിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴേക്കും ഏഴ് കുട്ടികള്‍ സംസ്ഥാന ജില്ലാ ടീമുകളില്‍ ഇടം തേടിയെന്നറിയുമ്പോഴാണ് ഇവരുടെ ദേശീയ ടീം സ്വപ്‌നം പാഴ്ക്കിനാവല്ലെന്ന് വ്യക്തമാവുക. അടുത്ത സീസണില്‍ ഐ ലീഗില്‍ കളിക്കുകയെന്നതും ഇവരുടെ സ്വപ്‌നമാണ്. ഗുരുവായൂര്‍ ചാവക്കാട് മേഖലയിലെ കുട്ടികള്‍ക്ക് ശാസ്ത്രീയമായ ഫുട്ബാള്‍ പരീശിലനം ലക്ഷ്യമിട്ടാണ് ഒന്നര വര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് രൂപം നല്‍കിയത്. ഈ മേഖലയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ ചേര്‍ന്നാണ് അക്കാദമി രൂപവത്ക്കരിച്ചത്. ഇവരുടെ ലക്ഷ്യത്തിന് പിന്തുണയായി ഗുരുവായൂര്‍ നഗരസഭ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിന് അനുമതി നല്‍കി. 10, 12, 14, 16, 18 വയസുകളുടെ പരിധിയിലായി 200 ഓളം കുട്ടികളാണ് ഇപ്പോള്‍ ഇവിടെ ഫുട്ബാള്‍ പരിശീലിക്കുന്നത്. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍, സംസ്ഥാന ഫുട്ബാള്‍ അസോസിയേഷന്‍, അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ എിവയുടെ അംഗീകാരവും അക്കാദമി നേടിയെടുത്തു. സര്‍വ്വീസസിനു വേണ്ടി കളിച്ചിട്ടുള്ള മുന്‍ സന്തോഷ് ട്രോഫി താരം പി.കെ. അസീസ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡേവിഡ് ആന്റോ, സി.ടി.ശിവറാം, ജയ്‌സ സി. ഡേവിസ്, കൃഷ്ണകുമാര്‍, മുജീബ് റഹ്മാന്‍ എിവരടങ്ങിയ വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ബൂട്ടും ജഴ്‌സിയുമൊക്കെ സ്വന്തമായില്ലെങ്കിലും കളിയോടുള്ള അഭിനിവേശം കൈമുതലായുള്ള നിരവധി കുട്ടികള്‍ അക്കാദമിക്ക് കീഴില്‍ വിദഗ്ധ പരിശീലനം നേടി വരുന്നുണ്ട്. ഗുരുവായൂര്‍ ചാവക്കാട് മേഖലയില്‍ നിന്നുള്ള താരങ്ങള്‍ സംസ്ഥാന ദേശീയ ടീമുകളില്‍ ഇടം നേടുന്ന ദിനം അതിവിദൂരമാവില്ലെന്ന് അക്കാദമിയുടെ സെക്രട്ടറിയും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ സി. സുമേഷ് പറഞ്ഞു. പ്രവര്‍ത്തനത്തിന് ഭാരിച്ച മൂലധനം ആവശ്യമായ ഈ മേഖലയില്‍ ഫുട്ബാളില്‍ താത്പര്യമുള്ള സ്ഥാപനങ്ങളും വ്യക്തികളുമെല്ലാമാണ് അക്കാദമിയുടെ പ്രവര്‍ത്തനത്തിന് തുണയാവുന്നത്. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന് ജനകീയ പ്രസ്ഥാനമായ അക്കാദമിക്ക് നഗരസഭയുടെയും ദേവസ്വത്തിന്റെയും സഹകരണവും ലഭിക്കുന്നുണ്ട്. എന്നാല്‍ പരിശീലനത്തിനും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമെല്ലാമുള്ള ഭാരിച്ച ചെലവ് കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമാണെന്ന് അക്കാദമി യുടെ ഭാരവാഹികള്‍ പറഞ്ഞു. എങ്കിലും തീരമേഖലയിലെ ഫുട്ബാളിന് ഒരു പുതിയ ഗതിവേഗം നല്‍കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. ഫുട്ബാളിന് പുറമെ ക്രിക്കറ്റ്, വോളിബാള്‍, അത് ലറ്റിക്‌സ് തുടങ്ങിയ മേഖലകളിലും പരിശീലനത്തിന് തയ്യാറെടുക്കയാണ് ജി.എസ്.എ ഇപ്പോള്‍. ടി.എം. ബാബുരാജ് (പ്രസി.), സി. സുമേഷ് (സെക്ര.), വി.വി. ഡൊമിനി (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍.
(courtesy : Madhyamam Daily )