ചാവക്കാട്: പാലക്കാട് വാണിയംകുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കടപ്പുറം വെളിച്ചെണ്ണപ്പടിയില്‍ കടല്‍ത്തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തി. വാണിയംകുളം ആല്‍ത്തറ പൂളക്കുന്ന്പറമ്പില്‍ പെരുമാളിന്റെ മകന്‍ ഉണ്ണികൃഷ്ണ(21)ന്റെ മൃതദേഹമാണ് തീരത്തടിഞ്ഞ നിലയില്‍ കണ്ടത്. ഇന്ന് വൈകീട്ട് നാലോടെയാണ് വെളിച്ചെണ്ണപ്പടിയില്‍ കടല്‍ഭിത്തികള്‍ക്ക് മുകളില്‍ തിരയടിച്ചുകയറിയ നിലയില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണിലെ സിംകാര്‍ഡില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഈ സിം കാര്‍ഡ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബിന്റെ മൊബൈല്‍ ഫോണില്‍ ഇട്ട ഉടനെ ഈ നമ്പറിലേക്ക് വന്ന ഫോണ്‍വിളിയാണ് ഉണ്ണികൃഷ്ണനെക്കുറിച്ചുള്ള സൂചനക്ക് വഴി തെളിഞ്ഞത്.
ഉണ്ണികൃഷ്ണന്‍റെ ഒരു കൂട്ടുകാരനായിരുന്നു ഈ നമ്പറിലേക്ക് വിളിച്ചത്. ഉണ്ണികൃഷ്ണനെ കാണാതായെന്ന പേരില്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. മുനക്കകടവ് തീരദേശ പോലീസ് എസ്.ഐ. പോള്‍സണ്‍, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പിന്നീട് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ കാണാനെത്തിയ ബന്ധുക്കളാണ് മൃതദേഹം ഉണ്ണികൃഷ്ണന്റേതെന്ന് തന്നെയെന്ന് ഉറപ്പിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ഉണ്ണികൃഷ്ണന്‍. മീനാക്ഷിയാണ് മാതാവ്. സഹോദരങ്ങള്‍: രാമദാസ്, നല്ലമ്മ.