shyamala 58 arrestedഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയതായി പരാതി. സംഭവത്തില്‍ അമ്മയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു മകന്‍ രക്ഷപ്പെട്ടു. തലശ്ശേരി തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍വീട്ടില്‍ ശ്യാമള (58) യേയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.എച്ച്. യതീശ്ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

അസി: പോലീസ് കമ്മീഷണര്‍ ടി ബിജു ഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ ടെമ്പിള്‍ സി.ഐ സി. പ്രേമാനന്ദകൃഷ്ണനും, സംഘവും കോഴിക്കോട് ബിലാത്തികുളത്തുള്ള പ്രതികള്‍ താമസിയ്ക്കുന്ന വാടക വീട്ടില്‍ നിന്ന്‍ ശ്യാമളയെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് മകന്‍ വിപിന്‍ കാര്‍ത്തിക് (29) ഓടി രക്ഷപ്പെട്ടു.
ജമ്മു കാശ്മീരിലെ കുപ്പുവാര ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും, ഒപ്പും വെച്ചുള്ള സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് മകന്‍ വിപിന്‍ കാര്‍ത്തിക് തട്ടിപ്പ് നടത്തിയിട്ടുള്ളത്. താന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ശുപാര്‍ശ വിളികള്‍ എത്തിയതോടെ സംശയം തോന്നിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തലശ്ശേരി ലോക്കല്‍ഫണ്ട് ഓഡിറ്റോഫീസില്‍ പ്യൂണായി ശ്യാമള നേരത്തെ ജോലിചെയ്തിരുന്നു. ഓഫീസറുടെ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് ശ്യാമളയെ  ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. രണ്ടുവര്‍ഷക്കാലമായി ഗുരുവായൂരില്‍ മമ്മിയൂരിലെ ഒരു ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്ന പ്രതികള്‍ വ്യത്യസ്ഥ തിരിച്ചറിയല്‍ രേഖകളും, വ്യത്യസ്ഥ മേല്‍വിലാസവും നല്‍കി ഗുരുവായൂരിലെ ആറ് ബാങ്കുകളില്‍ നിന്നുമായി 11 ആഢംഭര കാറുകള്‍ ലോണെടുത്തിട്ടുണ്ട്. ലോണെടുത്ത ഹുണ്ടായ് ക്രെസ്റ്റ കാറും, ശ്യാമളയുടെ മകന്‍ വിപിന്‍കാര്‍ത്തിക് ഉപയോഗിച്ചിരുന്ന ഒരു ബുള്ളറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതുകൂടാതെ പ്രതികളുടെ വീട്ടില്‍നിന്നും കണ്ടെടുത്ത കാര്‍ത്തികിന്റെ ഡയറിയില്‍നിന്നും സംസ്ഥാനത്തെ നാദാപുരം, കൊയിലാണ്ടി, വടകര തലശ്ശേരി, കളമശ്ശേരി, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ഇരുപതോളം ബാങ്ക് ശാഖകളില്‍ നിന്ന് സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയ രേഖകള്‍ കണ്ടെടുത്തിട്ടുള്ളതായും ടെമ്പിള്‍ സി.ഐ  സി. പ്രേമാന്ദകൃഷ്ണന്‍ അറിയിച്ചു. ലോണെടുത്ത് വാങ്ങിയ കാറുകള്‍ പ്രതികള്‍ കൃത്രിമ രേഖകള്‍ ചമച്ച് വില്‍പ്പന നടത്തിയിരിയ്ക്കാമെന്ന് പോലീസ് അറിയിച്ചു. ഗുരുവായൂരിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ നിന്ന് രണ്ടുകാറുകള്‍ വീതവും, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മൂന്ന് കാറുകളും പ്രതികള്‍ ലോണായി എടുത്തിട്ടുണ്ട്.
ഗുരുവായൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍നിന്നും വായ്പ്പയെടുത്ത് സൗഹൃദം സ്ഥാപിച്ച അമ്മയും, മകനും പിന്നീട് ബാങ്ക് മാനേജര്‍ സുധാദേവിയില്‍നിന്നും 97 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 25 ലക്ഷം രൂപയും തട്ടിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്യാമളയെ ഇന്നലെ അറസ്റ്റുചെയ്തത്.
തന്ത്രപൂര്‍വ്വം വ്യാജരേഖ ചമച്ച് വിവിധയിടങ്ങളിലെ ആര്‍.ടി.ഓ യല്‍നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ലോണെടുത്ത വാഹനങ്ങല്‍ വില്‍പ്പന നടത്തിയിരുന്നതെന്നും, വായ്പയെടുത്ത ഒട്ടുമിക്ക വാഹനങ്ങളും വില്‍പ്പന നടത്തിയിരിയ്ക്കാമെന്നും പോലീസ് അറിയിച്ചു. എസ്.ഐ എ. അനന്തകൃഷ്ണന്‍, എ.എസ്.ഐ പി.എസ്. അനില്‍കുമാര്‍, സി.പി.ഓമാരായ മിഥുന്‍, പ്രിയേഷ്, ശ്രീജ എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.
ഇവരെ വൈദ്യ പരിശോധനക്ക് ശേഷം വൈകീട്ട് കോടതിയില്‍ ഹാജരാക്കി.