ഗുരുവായൂര്‍: മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ബജറ്റവതരിപ്പിക്കുവാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കം പ്രതിപക്ഷ ഇടപ്പെടലിനെ തുടര്‍ന്ന് മാറ്റിവെച്ചു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിലെ ബജറ്റാണ് ഇന്നലെ അവതരിപ്പിക്കാനിരുന്നത്. അംഗങ്ങള്‍ക്ക് മൂന്ന് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കി പഞ്ചായത്ത് യോഗം വിളിച്ചു ചേര്‍ത്തുവേണം ബജറ്റവതരിപ്പിക്കാന്‍. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് പഞ്ചായത്തിലെ ഒരു ജീവനക്കാരനാണ് ഇന്നലെ ബജറ്റവതരിപ്പിക്കുന്ന വിവരം അംഗങ്ങളെ ഫോണില്‍ വിളിച്ചറിയിച്ചത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എ.എം.മൊയ്തീന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. ബജറ്റ് അവതരണം മാറ്റിവെക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ബജറ്റവതരണം ഈ മാസം 28ലേക്ക് മാറ്റിവെക്കുകയായിരുന്നു.