ഗുരുവായൂര്‍ : മാവേലി സ്‌റ്റോറില്‍ നിന്നും വാങ്ങിയ അരി പാചകം ചെയ്തപ്പോള്‍ പ്ലാസ്റ്റിക് പോലുള്ള പദാര്‍ത്ഥം കണ്ടെത്തിയതായി പരാതി. ഗുരുവായൂര്‍ പേരകം തേക്കേപുരക്കല്‍ ഉണ്ണികൃഷ്ണനാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്. മുതുവട്ടൂരിലുള്ള മാവേലി സ്റ്റോറില്‍ നിന്നാണ് കഴിഞ്ഞ ദിവസം അഞ്ച് കിലോ കുറുവ അരി വാങ്ങിയത്. രാത്രി പാചകം ചെയ്തപ്പോഴാണ് വെള്ളത്തിന് മുകളില്‍ അസാധാരണമായ രീതിയില്‍ പാട കണ്ടെത്തിയത്. കഞ്ഞിവെള്ളത്തോട് സാദൃശ്യമുള്ള നിറത്തില്‍ കണ്ടെത്തിയ പാട കത്തിച്ചപ്പോള്‍ ഉരുകി ദ്രാവക രൂപത്തിലാവുകയും തണുത്തപ്പോള്‍ വീണ്ടും പാട രൂപത്തിലാവുകയും ചെയ്തതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പാട ഉരുകുമ്പോള്‍ പ്ലാസ്റ്റികിന്‍റെ മണം അനുഭവപെടുതായും വീട്ടുകാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പാചകം ചെയ്ത ചോറ് ഉപയോഗിക്കാതെ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കുകയായിരുന്നു.