ചാവക്കാട് : രാജ്യമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ നയിക്കുന്ന ദേശ രക്ഷാ റോഡ് മാര്‍ച്ചിന് ചാവക്കാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഈ കരിനിയമത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്നില്ല. ഈ നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ എടുത്ത കടുത്ത നിലപാടുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഫസല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്ഹാഖ് ഫൈസി ചേറ്റുവ അധ്യക്ഷത വഹിച്ചു. പി.കെ. ബാവ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. അഡ്വ. പി.യു. അലി, ആര്‍.വി. എം. ബശീര്‍ മൗലവി, പി.സി. റഊഫ് മിസ്ബാഹി, ജാഫര്‍ ചേലക്കര, പി കെ ജഅഫര്‍ സംസാരിച്ചു. നവാസ് പാലുവായ് സ്വാഗതവും നിഷാര്‍ മേച്ചേരിപ്പടി നന്ദിയും പറഞ്ഞു. പൗരത്വം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഈ മാസം 29 ന് ചാവക്കാട് നടക്കുന്ന ദേശരക്ഷാ സംഗമത്തിന് മുന്നോടിയായി കേരള മുസ്ലിം ജമാഅത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയാണ് റോഡ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് കൊടുങ്ങല്ലൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലയിലെ 9 സോണ്‍ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മണ്ണുത്തിയില്‍ സമാപിക്കും