ചാവക്കാട്: കനോലി കനാൽ സംരക്ഷണത്തിനും ശുചിത്വം നിലനിർത്താനും പദ്ധതി. തിരുവനന്തപുരത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻറെ അധ്യക്ഷതയിൽ അദ്ദേഹത്തിൻറെ ചേംബറിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പൊന്നാനി, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കനോലി കനാൽ സംരക്ഷിച്ച് നിലനിർത്തണമെന്ന കെ.വി അബ്ദുൽ ഖാദർ എം.എൽ.എയുടെ നിവേദനത്തെ തുടർന്ന് പൊന്നാനി എം.എൽ.എ കൂടിയായ സ്പീക്കറുടെ പ്രത്യേക താൽപര്യാർത്ഥമാണ് യോഗം ചേർന്നത്. ജലസേചനം, തദ്ദേശ സ്വയംഭരണം, കോസ്റ്റ് ഷിപ്പിങ് ആൻറ് ഇൻലാന്റ് നാവിഗേഷൻ, കേരളാ ശുചിത്വ മിഷൻ, കേരളാ ഹരിത കേരള മിഷൻ എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കനോലി കനാൽ സംരക്ഷിക്കുന്നിനും ശുചിത്വം നിലനിർത്തുന്നതിനുമായി സമഗ്ര പദ്ധതി ആവിഷ്ക്കരിക്കുവാനാണ് യോഗം വിളിച്ചു ചേർത്തത്. ഇതനുസരിച്ച് സി.എസ്.ഐ.എന്നിൻറെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്ര പദ്ധതിക്ക് ധാരണയായതായി വാർത്തക്കുറിപ്പിൽ പറയുന്നു. കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ ഫണ്ട്, മറ്റുവകുപ്പുകളുടെ ഫണ്ട് എന്നിവ ഏകോപിപിച്ച് ക്ലീൻ കനോലി പദ്ധതി നടത്താനും ധാരണയായി. ഇതിൻറെ ഭാഗമായി രണ്ട് നിയോജക മണ്ഡലങ്ങളിലേയും കനോലി കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുടേയും സെക്രട്ടറിമാരുടേയും യോഗം ജൂൺ ഒന്നിന് പൊന്നാനിയിൽ വിളിച്ച് ചേർത്ത് വകുപ്പ്തല ഏകോപനമുണ്ടാക്കാനും യോഗം തീരുമാനിച്ചു. കെ.വി അബദുൽ ഖാദറിനു പുറമെ ജല വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ്, ഹരിത കേരള മിഷൻ ഉപാധ്യക്ഷ ടി.എൻ സീമ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ ജോസ്, ജല വിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാൾ, ചീഫ് എഞ്ചിനീയർ (ഇറിഗേഷൻ) കെ.എ ജോഷി, ശുചിത്വ മിഷൻ ഡയറക്ടർ സി.വി ജോയി, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി ജമാലുദ്ധീൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.