ചാവക്കാട്: കനോലി കനാല്‍ മലിനീകരണം തടയണമെന്നും കനാല്‍ ശുദ്ധീകരിച്ച് നല്ല വെള്ളം കെട്ടി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജിയാണ് ഇതു സംബന്ധിച്ച് ഭരണ സമിതി മുമ്പാകെ പ്രമേയം അവതരിപ്പിച്ചത്. നാടും നഗരവും കൊടുംവരള്‍ച്ചയെ നേരിടുമ്പോള്‍ പൊന്നാനി മുതല്‍ കൊച്ചി വരെ പരന്നൊഴുകുന്ന കനോലി കനാല്‍ പലയിടങ്ങളിലും മാലിന്യ നിക്ഷേപം മൂലം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
അറവു ശാലകളില്‍ നിന്നും ചില ആശുപത്രികളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ കനോലി കനാലില്‍ നിക്ഷേപിക്കുകയാണ്. കൂടാതെ കനാല്‍ തീരങ്ങളിലെ വീട്ടുകരില്‍ പലരും മാലിന്യ നിക്ഷേപം നടത്തുന്നതും കനാലില്‍ തന്നെയാണ്.മാലിന്യങ്ങള്‍ കനാലിലൂടെ ഒഴുകി നടന്നു ചില ഭാഗങ്ങളില്‍ കെട്ടിക്കിടന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതും വെള്ളത്തിന്റെ നിറം മാറുന്നതും പതിവായിക്കൊണ്ടിരിക്കുകയാണെന്നും എം എ അബൂബക്കര്‍ ഹാജി പ്രമേയത്തില്‍ പറഞ്ഞു. ഒരു കാലത്ത് കുളിക്കാനും അലക്കാനും കനോലി കനാലിനേയാണ് നാട്ടുക്കാര്‍ ആശ്രയിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത് അനുവാദകയായ പ്രമേയത്തില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കനോലി കനാല്‍ മാലിന്യ മുക്തമാക്കല്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തല്‍ അത്യന്താപേക്ഷിതമാണെന്നും ഇതിനായുള്ള നടപടികള്‍ കൈകൊള്ളാനായാല്‍ ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളിലേയും കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേകാട്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലേയും ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും പ്രമേയത്തില്‍ ചൂണ്ടികാട്ടി.
യോഗത്തില്‍ പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ധനീഷ്, ബ്ലോക്ക് സെക്രട്ടറി മറ്റു ഉദ്ധ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.