ഗുരുവായൂർ : സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ ഡയറക്ടറും ജീവവനക്കാരും പണംവെച്ച് ശീട്ടുകളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. ഗുരുവായൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പടിഞ്ഞാറനടയിലുള്ള ഹെഡ് ഓഫിസിലേക്കാണ് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയത്. ബാങ്കിനെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റിയ ബാങ്ക് ഭരണ സമിതി രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. കിഴക്കെ നടയിൽ നിന്ന് ആരംഭിച്ച മാർച്ച് ബാങ്കിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതിനിടെ പ്രവർത്തകരിൽ ചിലർ ബാങ്കിന് നേരെ കല്ലെറിഞ്ഞു.
പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയംഗം കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.വി. വിവിധ്, കെ.എൻ.രാജേഷ്, വി. അനൂപ്, വിഷ്ണു വസന്തകുമാർ, എറിൻ ആന്റണി എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ബാങ്കിന്റെ ഹെഡ് ഓഫിസിലിരുന്ന് ശീട്ടുകളിച്ച മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റു കൂടിയായ ബാങ്ക് ഡയറക്ടർ ആർ.എ. അബൂബക്കർ (51), പ്യൂൺമാരായ കോട്ടപ്പടി സ്വദേശി മരക്കാത്ത് സുരേന്ദ്രൻ (52), ഇരിങ്ങപ്പുറം കാരക്കാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ (56), മണ്ണൂപ്പാടത്ത് സുരേന്ദ്രൻ (55), ഡ്രൈവർ എം.വി. രാജു (48), വാച്ച്മാൻ കെ.എസ്. വൽസൻ (58) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 12600 രൂപയും പിടിച്ചെടുത്തിരുന്നു.