ചാവക്കാട് : കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി ചാവക്കാടിന്‍റെ സമഗ്ര വികസനം ലക്‌ഷ്യം വെക്കുന്ന 2017-18 ലേക്കുള്ള ബജറ്റ് ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി അഡ്വ. എം കെ ഗിരീഷ്‌, റവന്യൂ സൂപ്രണ്ട് ഫെല്ലിസ് ഫെലിക്സ്, റവന്യൂ ഇന്‍സ്പെക്ടര്‍ കെ പി ബഷീറ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍ വി സമില്‍ ബാബു എന്നിവര്‍ സന്നിഹിതരായി.
364614376/-വരവും 273689800/- ചിലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 30 കോടി രൂപ കാര്‍ഷിക മേഖലക്കാണ് നീക്കിവെക്കുന്നത്. നെല്ല്, തെങ്ങ്, കോഴി, ആട്, പശു, മത്സ്യം, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ കൃഷിയും വിപണനവും ഉള്‍ക്കൊള്ളുന്ന ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക മേഖലക്ക് മുപ്പത് കോടി.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പില്‍ വരുത്തുന്ന നവകേരള മിഷന്‍റെ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മഖലകള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. സ്ത്രീ സുരക്ഷ, പട്ടികജാതി ക്ഷേമം, സാമൂഹ്യ ക്ഷേമം, മത്സ്യമേഖല, നഗരാസൂത്രണം, പൊതുമരാമത്ത് എന്നീ മേഖലകളിലും വ്യക്തമായ വികസന കാഴ്ചപ്പാടുകള്‍ ബജറ്റില്‍ വിശദീകരിക്കുന്നുണ്ട്. ചന്തമുള്ള ചാവക്കാട് അഥവാ നിര്‍മ്മല നഗരം സുന്ദര നഗരം പദ്ധതിക്ക് ധീരമായ കാല്‍വെപ്പുകളും പദ്ധതികളും ബജറ്റ് ഉള്‍ക്കൊള്ളുന്നുണ്ട്.
ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ പാടശേഖരത്തെ ബാക്കി സ്ഥലങ്ങളിലും നെല്‍കൃഷി നടപ്പാക്കും, കരനെല്‍കൃഷി ചെയ്യാന്‍ താത്പര്യമുള്ളവരുടെ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും തരിശ് പാടങ്ങള്‍ പ്രയോജനപ്പെടുത്തിയും കൃഷി വ്യാപിപ്പിക്കും, പച്ചക്കറി കൃഷി കൂടുതല്‍ വിപുലീകരിക്കും. ആട് ഗ്രാമം പദ്ധതി ആരംഭിക്കും, മില്‍മയുമായും ക്ഷീര-മൃഗ സംരക്ഷണ വകുപ്പുമായും ചേര്‍ന്ന് പശു വളര്‍ത്തല്‍ പദ്ധതി, ഇന്ക്യുബേറ്റര്‍ സഹായത്തോടെ ഇറച്ചിക്കോഴികളെ ഉത്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യാന്‍ ചാവക്കാട് ചിക്കന്‍ (സി സി ) ഗ്രൂപ്പുകള്‍ വനിതകള്‍ക്കായി നടപ്പിലാക്കും, ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നിരക്കില്‍ നല്‍കും, കോഴിയും കൂടും പദ്ധതി തുടരും, മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന TXD – DXT ഇനത്തില്‍പെട്ട കുറിയ ഇനം ഇളനീര്‍ തെങ്ങിന്‍ തൈകള്‍ എല്ലാ വീട്ടുകാര്‍ക്കും നല്‍കും. ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ളതും ഉയരം കുറഞ്ഞതുമായ കേരഗംഗ, ലക്ഷ ഗംഗ തെങ്ങിന്‍ തൈകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. മുരിങ്ങ, വേപ്പിന്‍ തൈകള്‍, ഔഷധ വാഴ എന്നിവ വിതരണം ചെയ്യും.