ചാവക്കാട്: ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവത്തിന് ആയിരങ്ങളെത്തി. പൂക്കാവടി, നാടന്‍ കലാരൂപങ്ങള്‍നനാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവക്ക് വിവിദ കരകളില്‍ നിന്നെത്തിയ ഇരുപത്തിയഞ്ചു കരിവീരന്‍മാര്‍ അകമ്പടിയായി. തുടര്‍ന്ന് ആകാശത്ത് വര്‍ണ്ണ മഴ വിരിച്ച് വെടിക്കെട്ട്‌ നടന്നു.രാവിലെ മുതല്‍ ക്ഷേത്രത്തില്‍ നട കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി എം.കെ.ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുവായൂര്‍ മുരളി നാദസരത്തിനും ശങ്കരപുരം പ്രകാശന്‍മാരാര്‍ പഞ്ചവാദ്യത്തിനും ചേരനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹനന്‍, ഗുരുവായൂര്‍ ശശി എന്നിവര്‍ ചെണ്ടമേളത്തിനും നേതൃത്വം നല്‍കി.
വിവിധ കരകളില്‍ നിന്നാരംഭിച്ച ഗുരുദേവ, ശിവലിംഗദാസ, ഗുരുശക്തി, ശ്രീനാരായണസംഘം, കോഴിക്കുളങ്ങര, സമന്വയ, തത്വമസി, മഹേശ്വര, ദൃശ്യ,പു ഞ്ചിരി, നടക്കാവിന് പടിഞ്ഞാറ്, നടക്കാവിന് കിഴക്ക് എന്നീ കമ്മറ്റികളുടെ എഴുന്നെള്ളിപ്പുകള്‍ വൈകുന്നേരം അഞ്ചര മണിയോടെ ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുള്ളിപ്പ് നടത്തി. 26 ആനകള്‍ കൂട്ടിയെഴുള്ളിപ്പില്‍ അണി നിരന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാധവന്‍കുട്ടി തിടമ്പേറ്റി. ദീപാരാധനക്ക് ശേഷം പുഞ്ചിരി വെടിക്കെട്ട് കമ്മറ്റിയുടെ ഫാന്‍സി വെടിക്കെട്ട് ഉണ്ടായി. മഹേശ്വര,പു ഞ്ചിരി കമ്മറ്റികളുടെ എഴുന്നെള്ളിപ്പുകള്‍ രാത്രി ക്ഷേത്രാങ്കണത്തിലെത്തും. തുടര്‍ന്ന് ആറാട്ട്‌ നടക്കും.
ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പ്രൊ. സി സി വിജയന്‍, സെക്രട്ടറി എം കെ വിജയന്‍, വൈസ് പ്രസിഡന്റ് കെ എ വേലായുധന്‍, എ എസ് രാജന്‍, എം എ.രാജന്‍ എന്നിവര്‍ ഉത്സവത്തിന് നേതൃത്വം നല്‍കി.