Header

ചേറ്റുവ അപകടം : പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ തടഞ്ഞു

ചേറ്റുവ: ചേറ്റുവ പാലത്തിലെ അശാസ്ത്രീയ ടാറിംങ്ങ് മൂലം അപകടം വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. എന്‍ എച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സലീല, അസിസ്റ്റന്റ് എഞ്ചിനീയര്‍ സംഗീത, എഞ്ചിനീയര്‍ ശ്രീമാല എന്നിവരെയാണ് തടഞ്ഞത്. അപകടം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സീകരിച്ചതിനു ശേഷം പോയാല്‍ മതിയെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ ഉദ്യേഗസ്ഥര്‍ അങ്കലാപ്പിലായി.
ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലത്തിനു മുകളില്‍ വെച്ചായിരുന്നു സംഭവം. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാരാണ് അധിക്യതരോട് രൂക്ഷമായി പ്രതികരിച്ചത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയതിനു ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. പാലത്തിലെ ടാറിംഗ് മിനുസം വര്‍ദ്ധിച്ചതിനാല്‍ വാഹനങ്ങള്‍ ബ്രെയ്ക്കിടുമ്പോള്‍ തെന്നി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടങ്ങള്‍ സംഭവിക്കുന്നത്.
ഇന്നലെയും ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടിരുന്നു. ഗ്യാസ് ഇറക്കിവരുന്ന ലോറിയായതിനാലാണ് വന്‍ അപകടം ഒഴിവായത്. അല്‍പസമയം കഴിഞ്ഞു കെ എസ് ആര്‍ ടി സി ബസ്സും നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരികളില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. മൂന്നര കോടിരൂപ ചിലവിഴിച്ചാണ് പാലത്തിന്റെ കൈവരികളും അടിഭാഗവും ബലപ്പെടുത്തുന്ന പണികള്‍ നടത്തിയത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് പാലം ടാറിങ്ങ്. മാസങ്ങള്‍ എടുത്തു നടത്തിയവര്‍ക്കുകള്‍ പാലത്തില്‍ വന്‍ ഗതാഗത തടസങ്ങളാണ് വരുത്തിയിരുന്നത്. ദിനം പ്രതി ആയിരകണക്കിനു വാഹനങ്ങളാണ് പാലം വഴി കടന്നു പോകുന്നത്. ടാറിങ്ങ് കഴിഞ്ഞ് അപകടം
നിത്യസംഭവമായപ്പോള്‍ റോഡിലെ സ്‌ളിപ്പിങ്ങ് ഒഴിവാക്കാന്‍ മെറ്റല്‍ പതിച്ചിരുന്നു. ശക്തമായ ചൂടില്‍ പാലത്തിലെ പ്രത്യോക തരം റബര്‍ ടാറിങ്ങില്‍ മെറ്റലുകള്‍ അടിയിലേക്ക്
താഴ്നിറങ്ങി പഴയ സ്ഥിതിയിലായി. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്മജ സ്പെഷാലിട്ടീസാണ് പാലം നവീകരണ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നത്.
കോട്ടപ്പുറം പാലത്തില്‍ ഇത്തരം സങ്കേതിയ വിദ്യയാണ് ഉപയോഗിച്ചതെന്ന് ദേശീയ പാത അധികൃതര്‍ പറയുന്നു. മൂന്നു കൊല്ലം മുമ്പ് നടത്തിയ പദ്ധതി അപകടത്തിനു കാരണമായപ്പോള്‍ വീണ്ടും പാലത്തില്‍ മെറ്റല്‍ വിരിച്ച് ഗ്രിപ്പിംഗ് നടത്തിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി. ഇത്തരം ഒരു വര്‍ക്ക്‌ ചേറ്റുവ പാലത്തില്‍ നടത്താന്‍ അധികൃതര്‍ മുന്നോട്ടുവരാത്തതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുന്നത്. അടിയന്തിരമായി പാലത്തിനു ഇരുകരയിലും ഹമ്പുകള്‍ സ്ഥാപിച്ച് അപകട മേഖല മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇത് വിജയം കാണില്ലന്ന് പോലീസും നാട്ടുകാരും പറയുന്നു. പാലത്തില്‍ ഗ്രിപ്പിംഗ് സംവിധാനം വരുത്തി വാഹനങ്ങള്‍ ചവിട്ടിയാല്‍ നില്‍ക്കുന്ന അവസ്ഥയുണ്ടാക്കണമെന്ന് പോലീസ് ദേശീയപാത അതികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം അപകടങ്ങള്‍ക്ക്
കാരണക്കാര്‍ ദേശീയപാത അധികൃതരാവുമെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലം സ്പീഡ് ലിമിറ്റ് ഏര്‍പ്പെടുത്തുവാനും പാലത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
അടുത്ത ദിവസം ദേശീയ പാത അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പാലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈ കൊള്ളാന്‍ തീരുമാനമായിട്ടുണ്ട്. സി ഐ എ ജെ
ജോണ്‍സന്‍ ചാവക്കാട് എസ് ഐ എം കെ രമേഷ് വാടാനപള്ളി എസ് ഐ എസ് അഭിലാഷ് കുമാര്‍ എന്നിവര്‍ ദേശീയ പാത അധികൃതരുമായി ചര്‍ച്ച നടത്തി.

thahani steels

Comments are closed.