ഗുരുവായൂർ: മറ്റുള്ളവരെ നന്മയിലേക്ക് നയിക്കാൻ നിസ്വാർഥരായി സേവനം ചെയ്യുന്ന ക്രൈസ്തവ വൈദികർ സമൂഹത്തിന് മാതൃകയാണെന്ന് കെ.വി. അബ്ദുൾ ഖാദർ എംഎൽഎ. ഗുരുവായൂർ  സെൻറ് ആൻറണീസ് പള്ളിയിൽ നവവൈദികൻ ഫാ. പ്രകാശ് പുത്തൂരിന് നൽകിയ സ്വീകരണത്തിലും വിശ്വാസ പരിശീലന വാർഷികാഘോഷത്തിലും മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി ഇടവകയിലെ എല്ലാ വീടുകളിലേക്കും ക്രിസ്മസ് ദിവ്യബലിക്ക് ശേഷം തുണിസഞ്ചികൾ കൈമാറിയത് നാടിന് മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു. വിൻസെൻറ് ഡി പോൾ സൊസൈറ്റി നൽകുന്ന സഞ്ചി എം.എൽ.എക്ക് ഫാ. പ്രകാശ് പുത്തൂർ സമ്മാനിച്ചു. മേരിമാത മേജർ സെമിനാരി റെക്ടർ ഫാ. ജെയ്സൻ കൂനംപ്ലാക്കൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വി.എസ്. രേവതി നവവൈദികന് ഉപഹാരം നൽകി. വിശ്വാസ പരിശീലന അസി. ഡയറക്ടർ ഫാ. റിജോ വിതയത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.  ഫാ. ജിൻസൻ ചിരിയങ്കണ്ടത്ത്, കൗൺസിലർ പി.എസ്. പ്രസാദ്, ക്ലേലിയ കോൺഗ്രിഗേഷൻ ഡെലഗേറ്റ് സിസ്റ്റർ എലിസബത്ത് കള്ളിവളപ്പിൽ, കൈക്കാരൻ സി.വി. ലാൻസൻ, ടി.സി. ജോർജ്, വിശ്വാസ പരിശീലന പ്രിൻസിപ്പൽ  സി.എ. ജോഷി, ജനറൽ കൺവീനർ എം.ടി. ജോസ്, പി.ടി.എ. പ്രസിഡൻറ് സിജി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന്, സമ്മാനവിതരണം എന്നിവയുണ്ടായി.