ചാവക്കാട് : കനോലി കനാല്‍ സംരക്ഷിക്കാനുള്ള ക്ലീന്‍ കനാല്‍ പദ്ധതിയില്‍ കൈയേറ്റമുള്‍പ്പെടുത്താത്തതിനെ ചൊല്ലി താലൂക്ക് വികസന സമിതിയില്‍ വാക്കു തര്‍ക്കം. കനോലി കനാല്‍ സംരക്ഷണത്തിന്റെ ഭാഗമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനമാണ് കനോലി കനാല്‍ കൈയേറ്റം ഒഴിവാക്കാനും ശുചീകരണം മാത്രം ഇപ്പോള്‍ നോക്കിയാല്‍ മതിയെന്നുമുള്ളത്. ഇത് സംബന്ധിച്ച് വികസന സമിതിയില്‍ അധ്യക്ഷത വഹിച്ച ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കണ്ടത്തിന്റെ വിശദീകരണമാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.
മുസ്ലിംലീഗിലെ മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, കേരള കോണ്‍ഗ്രസ് എം പ്രതിനിധി തോമസ് ചിറമ്മല്‍ എന്നിവരാണ് പ്രതിഷേധിച്ചത്. കനോലി കനാല്‍ കൈയേറിയവര്‍ക്കെതിരേ നടപടിയെടുക്കാതെയുള്ള കനോലി കനാല്‍ സംരക്ഷണം പൂര്‍ണമാകില്ല. കൈയേറ്റക്കാരെ ഒഴിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന ആവശ്യം ശക്തമായതോടെ വിഷയം വികസനസമിതിയുടെ ആവശ്യമായി എഴുതി ചേര്‍ക്കാന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു.
പുന്നയൂര്‍ക്കുളം കടിക്കാട് ഗ്രൂപ്പ് വില്ലേജ് ഉടനെ വിഭജിക്കുമെന്നും ഇതിന്റെ നടപടി ആരംഭിച്ചെന്നും അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി അംബ്രോസ് അറിയിച്ചു.
ഗുരുവായൂരിലെ റോഡിലെ മാന്‍ഹോളുകള്‍ വാഹനാപകടം കുറയ്ക്കാവുന്ന വിധത്തില്‍ ശരിപ്പെടുത്തുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചതായി അഡീഷണല്‍ തഹസില്‍ ദാര്‍ അറിയിച്ചു.
അഡീഷണല്‍ തഹസില്‍ ദാര്‍ കെ.വി അംബ്രോസ്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ചാക്കോ, കേരളാ കോണ്‍ഗ്രസ് ബിയിലെ ടി.ബി. ഷാഹു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.